യു എ ഇയിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിവിധ കമ്പനികളുടെയും, സംഘടനകളുടെയും മേൽനോട്ടത്തിൽ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാനങ്ങളെ സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ഇത്തരം ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചിരുന്നു.
ഇത്തരം പ്രത്യേക വിമാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയും, സർവീസ് നടത്താനുദ്ദേശിക്കുന്ന സംസ്ഥാനത്തിന്റെയും മുൻകൂർ അനുമതി ആവശ്യമാണെന്ന് കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രോഗവ്യാപന സാഹചര്യത്തിൽ ഇത്തരം വിമാനങ്ങൾക്കുള്ള അനുമതികൾ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും നൽകുക എന്നും, ഏതാനം സർവീസുകളെ അനുവദിക്കൂ എന്നും അധികൃതർ അറിയിച്ചു.
ഇത്തരം വിമാന യാത്രകളുടെയും, യാത്രികരുടെ 7 ദിവസത്തെ ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ ചിലവുകളും ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്ന സ്ഥാപനങ്ങൾ/ സംഘടനകൾ വഹിക്കേണ്ടതാണ്. ഇത്തരം വിമാനങ്ങളിൽ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന മുഴുവൻ യാത്രികരുടെയും വിവരങ്ങൾ cgidubai.gov.in എന്ന യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് വെബ്‌സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. മുഴുവൻ യാത്രികരുടെ വിവരങ്ങളും, ചാർട്ടേർഡ് വിമാനത്തിന്റെ വിവരങ്ങളും കോൺസുലേറ്റ് നൽകിയിട്ടുള്ള ഫോർമാറ്റിൽ cgoffice.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക്, ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ അയക്കേണ്ടതാണ്. ഇത്തരം വിവരങ്ങൾ നൽകിയ ശേഷം ഇവയ്ക്ക് അനുമതി നൽകുന്നതിന് ഒരാഴ്ച്ചയിൽ കൂടുതൽ സമയം എടുക്കാമെന്നും അറിയിപ്പിൽ പറയുന്നു.
ഇത്തരത്തിൽ അനുമതിക്കായി അപേക്ഷിച്ചിട്ടുള്ള ഓരോ ചാർട്ടേർഡ് വിമാനങ്ങൾക്കും, കോൺസുലേറ്റിൽ നിന്ന് അനുമതി ലഭിക്കുന്നത് വരെ, യാത്രികരിൽ നിന്ന് ടിക്കറ്റിനോ മറ്റ് ആവശ്യങ്ങൾക്കോ മുൻകൂർ പണം ഈടാക്കരുതെന്ന് സംഘടനകളോട് കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ചാർട്ടേർഡ് വിമാനങ്ങളിൽ സീറ്റുകൾ നൽകാം എന്ന വാഗ്ദാനങ്ങളുമായി സമീപിക്കുന്നവർക്ക്, ഓരോ വിമാനങ്ങളെക്കുറിച്ചുമുള്ള അധികൃതരുടെ അന്തിമ അനുമതി ലഭിക്കുന്നത് വരെ, മുൻകൂർ പണം നൽകരുതെന്ന് പൊതുജനങ്ങളോടും കോൺസുലേറ്റ് ആവശ്യപ്പെട്ടു. അനുമതി ലഭിക്കുന്ന ഓരോ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കോൺസുലേറ്റ് cgidubai.gov.in എന്ന വെബ്സൈറ്റിലും കോൺസുലേറ്റിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.