യു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനായി ഇന്ത്യയിൽ നിന്നുള്ള, 88 പേരടങ്ങിയ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിനെ, യു എ യിലേക്ക് അയക്കുന്നതിന് അനുമതി ലഭിച്ചതായി ഇന്ത്യയിലെ യു എ ഇ എംബസി അല്പം മുൻപ് ട്വിറ്ററിലൂടെ അറിയിച്ചു. യു എ ഇ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ പ്രവർത്തകരെ അയക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ഡോക്ടർമാർ, നഴ്സുമാർ എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘത്തെ അയക്കാൻ തീരുമാനമായത്.
യു എ ഇയിൽ നിന്ന് നാട്ടിലേക്ക് അവധിയിൽ വന്ന ശേഷം യാത്രാവിലക്കുകളാൽ ഇന്ത്യയിൽ തുടരേണ്ടി വന്ന ആരോഗ്യ വിദഗ്ദ്ധരും ഈ സംഘത്തിൽ ഉണ്ടെന്നാണ് സൂചനകൾ.
“യു എ ഇയിലെ COVID-19 പ്രതിരോധത്തിൽ അണിചേരാനായി, ഇന്ത്യയിൽ നിന്നുള്ള 88 ആരോഗ്യ വിദഗ്ദ്ധർ അടങ്ങിയ ആദ്യ സംഘത്തിന് ഇന്ത്യൻ അധികൃതർ അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രത്യേക പ്രാധാന്യം ഇത് വെളിപ്പെടുത്തുന്നു” ഇന്ത്യയിലെ യു എ ഇ എംബസി ട്വിറ്ററിൽ കുറിച്ചു.
ഇവരെ യു എ യിലേക്ക് വ്യോമമാർഗം അയക്കുന്നതിനു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ യാത്രകൾ സംബന്ധിച്ച് മറ്റു നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.