ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച) വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തുന്നതാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും, തന്ത്രപ്രധാനവുമായ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഇരു നേതാക്കളും ഈ കൂടിക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നു. ഇന്ത്യയും, യു എ ഇയും തമ്മിൽ വിവിധ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഈ കൂടിക്കാഴ്ച്ചയിൽ തീരുമാനത്തിലെത്തുന്നതാണ്.
ഇന്ത്യയും, യു എ ഇയും തമ്മിൽ തന്ത്രപ്രധാനമായ ഏതാനം കരാറുകളിൽ ഡൽഹിയിൽ വെച്ച് ഒപ്പ് വെക്കുന്ന ചടങ്ങുകൾക്കും ഇരു നേതാക്കളും ഈ ഉന്നതതലസമ്മേളനത്തിൽ സാക്ഷ്യം വഹിക്കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെടുന്ന കോമ്പ്രിഹെൻസീവ് ഇക്കണോമിക് പാർട്ണര്ഷിപ്പ് എഗ്രിമെന്റ് (CEPA) ഇതിൽ സുപ്രധാനമായ ഒരു കരാറാണ്. ഇന്ത്യയും-യു എ ഇയും തമ്മിലുള്ള വാണിജ്യ, നിക്ഷേപബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനും, സാമ്പത്തിക സഹകരണ മേഖലയിൽ കൂടുതൽ ശക്തമായ ബന്ധങ്ങൾ കൊണ്ടുവരുന്നതിനും ഈ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
WAM