ഇന്ത്യൻ പ്രധാനമന്ത്രി ഖത്തറിലെത്തി; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഖത്തറിലെത്തി. 2024 ഫെബ്രുവരി 14-ന് വൈകീട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി ഖത്തറിലെത്തിയത്.

ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ശ്രീ. നരേന്ദ്ര മോദിയെയും പ്രതിനിധി സംഘത്തെയും ഖത്തർ വിദേശകാര്യ സഹമന്ത്രി H.E. സുൽത്താൻ ബിൻ സയീദ് അൽ മുറൈഖി സ്വാഗതം ചെയ്തു.

ഇന്ത്യയിലെ ഖത്തർ അംബാസഡർ H.E. മുഹമ്മദ് ബിൻ ഹസ്സൻ ജാബിർ അൽ ജാബിർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. വിപുൽ എന്നിവർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു.

തുടർന്ന് ശ്രീ. നരേന്ദ്ര മോദി ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി ദോഹയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

ഊർജ്ജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒത്ത് ചേർന്ന് കൂടുതൽ ശക്തമായ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.