കുവൈറ്റിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനായി 15 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റിലെത്തി. ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും അടങ്ങിയ സംഘത്തെ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും, ചികിത്സാ സംവിധാനങ്ങളും ഉൾപ്പടെ ഇന്ത്യൻ എയർഫോഴ്സിന്റെ C-130 മിലിറ്ററി വിമാനത്തിൽ ഏപ്രിൽ 11, ശനിയാഴ്ച്ചയാണ് കുവൈറ്റിൽ എത്തിച്ചതെന്ന് വിദേശ കാര്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഈ പ്രത്യേക മെഡിക്കൽ സംഘം രണ്ടാഴ്ച്ച കുവൈറ്റിൽ തുടരും. ഈ കാലയളവിൽ COVID-19 പരിശോധനകൾ, ചികിത്സാ സഹായം എന്നീ മേഖലകളിൽ ഇവർ കുവൈറ്റിലെ ആരോഗ്യ രംഗവുമായി ചേർന്ന് പ്രവർത്തിക്കുകയും, ആവശ്യമായ പരിശീലനങ്ങൾ നൽകുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈറ്റ് സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യ മെഡിക്കൽ സംഘത്തെ അയച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സാബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബായും തമ്മിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് COVID-19 പ്രതിരോധത്തിൽ ഇരു രാജ്യങ്ങളും സഹകരിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഇന്ത്യയുമായി സൗഹൃദം പങ്കിടുന്ന രാജ്യങ്ങൾക്ക് കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന്റെ പൂർണ്ണമായ സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.