കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളോട് അബുദാബി പോലീസ് ആഹ്വാനം; ജനലുകൾ, ബാൽക്കണി എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണം

UAE

റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നതിൽ രക്ഷിതാക്കളുടെ അശ്രദ്ധ പ്രധാന പങ്ക് വഹിക്കുന്നതായി അബുദാബി പോലീസ് വ്യക്തമാക്കി. ജനലുകൾ, ബാൽക്കണി എന്നിവ കുട്ടികൾക്ക് അപകടം സംഭവിക്കാത്ത രീതിയിൽ സുരക്ഷിതമാക്കുന്നതിലും, കുട്ടികളുടെ മേൽ ശ്രദ്ധ വെക്കുന്നതിലും വരുത്തുന്ന വീഴ്ചകൾ പലപ്പോഴും ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങളും അബുദാബി പോലീസ് പങ്ക് വെച്ചു. കുട്ടികൾ ഉള്ള എല്ലാ കുടുംബങ്ങളിലും, ജനാലകൾ, കുട്ടികൾക്ക് അപകടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനുള്ള തടസങ്ങളോ, കൈവരികളോ ഘടിപ്പിച്ച് സുരക്ഷിതമാക്കേണ്ടതാണ്. ബാൽകണികളിലും, ജനലുകൾക്കരികിലും കുട്ടികൾക്ക് കയറാവുന്ന തരത്തിലുള്ള ഫര്‍ണിച്ചറുകളോ, മറ്റു സാധനങ്ങളോ വെക്കുന്നത് ഒഴിവാക്കാനും അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളിപ്പാട്ടങ്ങളും ഇത്തരം ഇടങ്ങളിൽ അലക്ഷ്യമായി ഇടുന്നത് ഒഴിവാക്കണം. താഴെ എന്ത് നടക്കുന്നു എന്ന് കാണുന്നതിനുള്ള ജിജ്ഞാസയിൽ കുട്ടികൾ ഇവയിൽ ചവിട്ടിക്കയറുമ്പോൾ അപകടങ്ങൾ സംഭവിക്കാമെന്ന് അധികൃതർ രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു.

രക്ഷിതാക്കൾ, കുട്ടികളെ ഇത്തരം ഇടങ്ങളിൽ കളിപ്പിക്കുന്നതും, ഇത്തരം ഇടങ്ങളിൽ നിന്ന് താഴേക്ക് കുട്ടികൾക്ക് കാഴ്ചകൾ കാണിച്ച് കൊടുക്കുന്നതും ഒഴിവാക്കാനും അധികൃതർ ആഹ്വാനം ചെയ്തു. കുട്ടികൾ ഉള്ള വീടുകളിൽ, ബാൽകണികളുടെ വാതിലുകൾ എപ്പോഴും സുരക്ഷിതമായി അടച്ചിടേണ്ടതാണ്. ഇത്തരം വാതിലുകളുടെ താക്കോൽ കുട്ടികൾക്ക് എത്താവുന്ന ഇടങ്ങളിൽ സൂക്ഷിക്കരുത്. ബാൽകണികളിൽ കുട്ടികൾക്ക് ചവിട്ടിക്കയറാവുന്ന ഒന്നും ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കേണ്ടതാണ്.

വീടുകളിൽ വെച്ചുള്ള കുട്ടികളുടെ സുരക്ഷിതത്വം, രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ അബുദാബി പോലീസ്, ഒരു നിമിഷത്തെ അശ്രദ്ധയോ ഉദാസീനതയോ മറക്കാനാവാത്ത അപകടങ്ങൾക്ക് കാരണമാകാമെന്നും രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.