വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ‘Sahala’ ഔദ്യോഗിക പോർട്ടലിലൂടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന നടപടികൾ 2021 മാർച്ച് 29, തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ റെജിസ്ട്രേഷൻ നടപടികൾ ‘Sahala’ ഔദ്യോഗിക പോർട്ടലിലൂടെ പൂർത്തിയാക്കാത്ത ഹോട്ടലുകൾക്ക് 2000 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മിനിസ്ട്രി അറിയിച്ചു.
ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ തിങ്കളാഴ്ച്ച മുതൽ ‘Sahala’ ഔദ്യോഗിക പോർട്ടലിലൂടെ മാത്രമായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മാർച്ച് 23-ന് അറിയിച്ചിരുന്നു.
ഈ തീരുമാനവുമായി ബന്ധപ്പെട്ട് ഒമാനിലെ ഹോട്ടലുകൾ, ട്രാവൽ, ടൂറിസം സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് സുപ്രീം കമ്മിറ്റി ബാധകമാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ മറികടക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ചും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.
- ‘Sahala’ ഔദ്യോഗിക പോർട്ടലിലൂടെ റജിസ്റ്റർ ചെയ്യാത്ത ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ എന്നിവർക്ക് 2000 റിയാൽ പിഴ ചുമത്തും.
- ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിലുള്ള യാത്രികർക്ക് രോഗബാധ മൂലമുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ മേഖലയിലെ അധികൃതരെ ഇക്കാര്യം ഉടൻ അറിയിക്കാത്ത ഹോട്ടലുകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
- ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കാത്ത യാത്രികരുടെ വിവരങ്ങൾ റോയൽ ഒമാൻ പോലീസ്, റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം എന്നിവരിൽ നിന്ന് മറച്ച് വെക്കുന്ന ഹോട്ടലുകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
- ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിലുള്ളവരെ തങ്ങളുടെ മുറികളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കുക, മറ്റു മുറികൾ സന്ദർശിക്കാൻ അനുവദിക്കുക, ഇവരുടെ മുറികളിൽ പുറത്ത് നിന്നുള്ള സന്ദർശകരെ അനുവദിക്കുക മുതലായ പ്രവർത്തങ്ങൾ നടത്തുന്ന ഹോട്ടലുകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
- ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള മുറികൾക്ക് അധികൃതർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്ന ഹോട്ടലുകൾക്ക് 500 റിയാൽ പിഴ ചുമത്തും.
- പരിസരങ്ങൾ ശുചിയായി സൂക്ഷിക്കാത്ത ഇത്തരം ഹോട്ടലുകൾക്ക് 500 റിയാൽ പിഴ ചുമത്തും.
- ഒരേ മുറികളിൽ പരസ്പരം ബന്ധമില്ലാത്തവരെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി താമസിപ്പിക്കുന്ന ഹോട്ടലുകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
- ഐസൊലേറ്റ് ചെയ്യപ്പെടേണ്ട സന്ദർശകരുടെ വിവരം റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗത്തിൽ നിന്ന് മറച്ച് വെക്കുന്ന ഹോട്ടലുകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
- ഹോട്ടലുകൾക്കും, റെസ്റ്ററന്റുകൾക്കും ബാധകമായിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ഹോട്ടലുകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
- രോഗബാധിതർക്കായി 3 മുറികളെങ്കിലും മാറ്റിവെക്കാത്ത ഇത്തരം ഹോട്ടലുകൾക്ക് 1000 റിയാൽ പിഴ ചുമത്തും.
മാർച്ച് 29, 2 PM മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശയാത്രികർ https://covid19.emushrif.com എന്ന ഓൺലൈൻ പോർട്ടലിലൂടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് പൂർത്തിയാക്കേണ്ടതാണ്. ഒമാനിലെ സെന്റർ ഓഫ് റിലീഫ് ആൻഡ് ഷെൽട്ടർ ഓപ്പറേഷൻസിനു കീഴിൽ പ്രവർത്തിക്കുന്ന ‘Sahala’ എന്ന ഈ ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിച്ച് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് മാത്രം യാത്രാ സേവനങ്ങൾ നൽകാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ‘Sahala’ ഓൺലൈൻ പ്ലാറ്റഫോമിൽ ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ഈ വിവരങ്ങൾ പ്രിന്റ് ചെയ്ത് കൈവശം സൂക്ഷിക്കാനും യാത്രികരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.