വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ സംബന്ധിച്ച് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ ഉത്തരവിറക്കി. ഇത് പ്രകാരം, 2021 മാർച്ച് 29 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ ഔദ്യോഗിക പോർട്ടലിലൂടെ മാത്രമേ പൂർത്തിയാക്കാനാകൂ.
മാർച്ച് 23-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2021 ഫെബ്രുവരി 15 മുതലാണ് ഒമാൻ വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയത്. ഇത്തരം യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള ഹോട്ടൽ ബുക്കിംഗ് നിർബന്ധമാക്കിയിരുന്നു. 16 വയസ്സിന് താഴെ പ്രായമുള്ള യാത്രികർക്കും, 60 വയസ്സിന് മുകളിൽ പ്രായമുള്ള യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് ഹോം ക്വാറന്റീൻ തിരഞ്ഞെടുക്കാവുന്നതാണ്.
നിലവിൽ ഇത്തരം യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി സ്വന്തം ഇഷ്ടപ്രകാരമുള്ള ഹോട്ടലുകളോ, അല്ലെങ്കിൽ ബന്ധപ്പെട്ട അധികൃതർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി തയ്യാറാക്കിയിട്ടുള്ള പട്ടികയിൽ നിന്നുള്ള ഹോട്ടലുകളോ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം മാർച്ച് 29, 2 PM മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശയാത്രികർ https://covid19.emushrif.com എന്ന ഓൺലൈൻ പോർട്ടലിലൂടെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് പൂർത്തിയാക്കേണ്ടതാണ്. ഈ നിർദ്ദേശം നടപ്പിലാക്കാൻ ഒമാനിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമാനിലെ സെന്റർ ഓഫ് റിലീഫ് ആൻഡ് ഷെൽട്ടർ ഓപ്പറേഷൻസിനു കീഴിൽ പ്രവർത്തിക്കുന്ന ‘Sahala’ എന്ന ഈ ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിച്ച് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് മാത്രം യാത്രാ സേവനങ്ങൾ നൽകാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ‘Sahala’ ഓൺലൈൻ പ്ലാറ്റഫോമിൽ ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ഈ വിവരങ്ങൾ പ്രിന്റ് ചെയ്ത് കൈവശം സൂക്ഷിക്കാനും യാത്രികരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.