ഒമാൻ: COVID-19 രോഗലക്ഷണങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

GCC News

ജീവനക്കാർക്കിടയിലെ COVID-19 രോഗലക്ഷണങ്ങൾ മറച്ചു വെക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ കൈകൊള്ളുന്നതാണെന്ന് ഒമാനിലെ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാണിജ്യ മേഖലകളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വ്യാപാര കേന്ദ്രങ്ങളും വ്യവസായങ്ങളും തുറക്കാനനുവദിക്കുന്നതിനെക്കുറിച്ച് അധികൃതർ നിലവിൽ വിലയിരുത്തലുകൾ നടത്തിവരികയാണ്. ഈ അവസരത്തിൽ, നിലവിൽ പ്രവർത്തിക്കാൻ അനുമതി നൽകിയ പല സ്ഥാപനങ്ങളിലും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ COVID-19 രോഗലക്ഷണങ്ങൾ ഉള്ള ജീവനക്കാരോട് അടുത്തുള്ള കൊറോണ വൈറസ് പരിശോധന കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം കർശന നിർദ്ദേശം നൽകി. സ്ഥാപനങ്ങൾ ഇത് ഉറപ്പാക്കണമെന്നും, പൊതുജനങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി, രോഗലക്ഷണങ്ങൾ അധികൃതരിൽ നിന്ന് മറച്ച് വെക്കരുതെന്നും, ഇത് രോഗവ്യാപനത്തിനിടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സുരക്ഷിതവും ആരോഗ്യപരവുമായ തൊഴിലിടങ്ങൾ ഒരുക്കുന്നതിനൊപ്പം, ജീവനക്കാർക്കിടയിൽ, ആരോഗ്യ സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായും സ്ഥാപനങ്ങൾ ശ്രമിക്കേണ്ടതാണ്. വിദേശ തൊഴിലാളികളെ ജോലിക്ക് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവർക്കിടയിൽ, നിലവിലെ സാഹചര്യത്തിൽ വൈറസ് വ്യാപനം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിനായി ജോലിസമയങ്ങൾക്ക് ശേഷം താമസയിടങ്ങളിൽ ഓരോരുത്തരും തുടരേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും, അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പൊതുഇടങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ചും അവബോധം വളർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.