യു എ ഇ: ദേശീയ പതാക ദുരുപയോഗം ചെയ്യുന്നവർക്ക് 5 ലക്ഷം ദിർഹം പിഴ; 25 വർഷം വരെ തടവ്

UAE

ദേശീയ പതാക ദുരുപയോഗം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്ത് നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തുന്നവർക്ക് 10 മുതൽ 25 വർഷം വരെ തടവും, 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

യു എ ഇയുടെ ദേശീയത, അഭിമാനം, പരമാധികാരം, പ്രാമാണ്യം, കീർത്തി എന്നിവയുടെ അടയാളമാണ് ദേശീയ പതാകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ദേശീയ പതാകയെ അപമാനിക്കുന്ന എല്ലാ പ്രവർത്തനങ്ങളും രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കുന്നതാണെന്ന് അധികൃതർ പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തി.

യു എ ഇ ഫെഡറൽ നിയമം നമ്പർ 2/ 1971 -ലെ ആർട്ടിക്കിൾ 3 പ്രകാരം, പൊതുസമൂഹത്തിൽ മനപ്പൂർവം ദേശീയ പതാക താഴെയിടുകയോ, കേടുവരുത്തുകയോ, വലിച്ചെറിയുകയോ, അപമാനിക്കുകയോ ചെയ്യുന്നത് മേൽപ്പറഞ്ഞ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതിനു പുറമെ, യു എ എയിലെ വിവിധ എമിറേറ്റുകളുടെ കൊടികളെയോ, ജി സി സി രാജ്യങ്ങളുടെ കൊടികളെയോ, മറ്റു ഏതെങ്കിലും വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകളെയോ അപകീർത്തിപ്പെടുത്തുന്നവർക്കും ഇതേ നിയമപ്രകാരം 10 മുതൽ 25 വർഷം വരെ തടവും, 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 176 പ്രകാരം രാജ്യത്തെയോ, അതിന്റെ ചിഹ്നങ്ങളെയോ, അടയാളങ്ങളെയോ, സ്ഥാപനങ്ങളെയോ അപമാനിക്കുന്നതും, യശസ്സിന് കളങ്കം വരുത്തുന്നതും, കളിയാക്കുന്നതും ഇതേ ശിക്ഷകൾ കിട്ടാവുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതാണ്. പൊതുസമൂഹത്തിൽ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാര്യങ്ങൾ അധികൃതർ പങ്ക് വെച്ചത്.