COVID-19 വ്യാപനം തടയുന്നതിനായി, മുസഫയിൽ മെയ് 9, ശനിയാഴ്ച്ച മുതൽ വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. രാജ്യവ്യാപകമായി യു എ ഇ നടപ്പിലാക്കുന്ന തീവ്ര COVID-19 ടെസ്റ്റിംഗ് പരിപാടികളുടെ ഭാഗമായാണ് ഈ ആരോഗ്യ നടപടികൾ.
മുസഫയിലെ തൊഴിലാളികളുടെ ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH ലക്ഷ്യമിടുന്നത്.
മുസഫയിലെ വിവിധ ഇടങ്ങളെ, പ്രത്യേക മേഖലകളാക്കി തിരിച്ച് കൊണ്ടാണ് ഈ അണുനശീകരണ പ്രവർത്തനങ്ങളും, COVID-19 പരിശോധനകളും നടപ്പിലാക്കുക. മെയ് 9 മുതൽ ആരംഭിക്കുന്ന ഈ പ്രവർത്തനങ്ങളുടെ കാലദൈർഘ്യം, ഓരോ മേഖലകളുടെ വലിപ്പവും, പരിശോധിക്കപ്പെടാനുള്ളവരുടെ എണ്ണവും അനുസരിച്ചായിരിക്കും തീരുമാനിക്കുക.
ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിലേക്കും തിരികെയും യാത്രാ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മുസഫയിലെ COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും സംബന്ധിച്ച് DOH നൽകിയ അറിയിപ്പുകൾ:
- മുസഫയിലെ എല്ലാ തൊഴിലാളികളെയും ഉൾപ്പെടുത്തിയുള്ള ആരോഗ്യ പരിശോധനകളാണ് DOH നടപ്പിലാക്കുന്നത്.
- എല്ലാ ആരോഗ്യ പരിശോധനകളും സൗജന്യമായിരിക്കും.
- വിസ നിയമങ്ങൾ ലംഘിച്ച് യു എ ഇയിൽ തുടരുന്നവർക്കും ഈ പരിശോധനകളിൽ പങ്കെടുക്കാം. ഇവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകില്ല. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
- പരിശോധനാ കേന്ദ്രങ്ങളിലേക്കും, തിരികെ താമസ സ്ഥലങ്ങളിലേക്കും സൗജന്യമായി യാത്രാ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
- മുസഫയിലെ ഓരോ മേഖലകളിലും ഘട്ടം ഘട്ടമായാണ് ഈ ആരോഗ്യ പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുക.
- ദിനം പ്രതിയുള്ള വാണിജ്യ സേവനങ്ങൾ ഈ കാലാവധിയിൽ തുടരുമെന്നും, അണുവിമുക്തമാക്കുന്ന പ്രദേശങ്ങളിലേക്ക് യാത്രാനിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
- കൊറോണ വൈറസ് പ്രതിരോധ നടപടികളെക്കുറിച്ച് നിവാസികളിൽ അവബോധം വളർത്തുന്നതിനായി വിവിധ ഭാഷകളിലുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.