ദുബായ്: ഇന്റർസെക് 2022 ആരംഭിച്ചു

UAE

ഇന്റർസെക് 2022 (INTERSEC 2022) വാണിജ്യ പ്രദർശനം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. സെക്യൂരിറ്റി, സേഫ്റ്റി, ഫയർ പ്രൊട്ടക്‌ഷൻ മേഖലയിൽ എല്ലാ വർഷവും നടക്കുന്ന വാണിജ്യ പ്രദർശനമായ ഇന്റർസെക്കിന്റെ ഇരുപത്തിമൂന്നാമത് പതിപ്പാണിത്.

2022 ജനുവരി 16-ന് ദുബായ് ബോർഡർ ക്രോസിങ്ങ് പോയ്ന്റ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പ്രദർശനം ഉദ്‌ഘാടനം ചെയ്തത്.

ഈ വർഷത്തെ പ്രദർശനത്തിൽ ഈ മേഖലയിലെ പ്രാദേശികവും, അന്തർദേശീയ തലത്തിലുമുള്ള ഏറ്റവും വലിയ സ്വകാര്യ കമ്പനികളും, സർക്കാർ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. സുരക്ഷാ മേഖലയിലെ ഏറ്റവും സമഗ്രമായ പ്രദർശനമായ ഇന്റർസെക് 2022-ൽ ഈ മേഖലയിലെ നൂതനമായ ഉത്പന്നങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനൊപ്പം, ഈ മേഖലയിലെ വിദഗ്‌ദ്ധർ അവതരിപ്പിക്കുന്ന സംവാദങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഏറ്റവും നൂതനമായ സുരക്ഷാ ഉപകരണങ്ങൾ, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് അടുത്തറിയുന്നതിന് ഈ പ്രദർശനം സഹായകമാണ്. മൂന്ന് ദിവസങ്ങളിലായാണ് ഇന്റർസെക് 2022 സംഘടിപ്പിക്കുന്നത്.

WAM