അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവീസുമായി ITC

UAE

ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. നവംബർ 20, വെള്ളിയാഴ്ച്ച മുതൽ അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്.

യു എ ഇയിലെ ഏറ്റവും വലിയ പൈതൃകോത്സവമായ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിനെത്തുന്ന സന്ദർശകർക്കായി സമഗ്രമായ യാത്രാ സൗകര്യങ്ങൾ തയ്യാറാക്കിയതായി ITC വ്യക്തമാക്കി. അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് ദിനവും അൽ വത്ബയിലേക്ക് ഇത്തരം സൗജന്യ ബസുകൾ സർവീസ് നടത്തുന്നതാണ്. പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് ബൈൻ അൽ ജെസ്സറൈൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂപ്പർ മാർക്കറ്റ്, ബാനി യാസ് ബസ് സ്റ്റേഷൻ എന്നിവ വഴിയാണ് അൽ വത്ബയിലെ പൈതൃകോത്സവ വേദിയിലേക്ക് ഈ ബസുകൾ സർവീസ് നടത്തുക എന്നും ITC അറിയിച്ചിട്ടുണ്ട്.

അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് ദിനവും വൈകീട്ട് 3 മണിമുതൽ ഓരോ മണിക്കൂർ ഇടവിട്ട് 6 മണിവരെ ഈ ബസുകൾ പൈതൃകോത്സവ വേദിയിലേക്ക് സർവീസ് നടത്തുന്നതാണ്. വൈകീട്ട് 5 മണിമുതൽ ഓരോ മണിക്കൂർ ഇടവിട്ട് 10 മണിവരെ ഈ ബസുകൾ പൈതൃകോത്സവ വേദിയിൽ നിന്ന് തിരികെ പ്രധാന ബസ് സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നതാണ്. ഇതിനു പുറമെ സന്ദർശകർക്കായി ടാക്സി സേവനങ്ങളും ITC ഒരുക്കിയിട്ടുണ്ട്.

2020-ലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നവംബർ 20, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്. 2020 നവംബർ 20 മുതൽ 2021 ഫെബ്രുവരി 20 വരെയാണ് ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Photo: @ZayedFestival