ജിദ്ദ സീസണിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ രണ്ട് ലക്ഷത്തിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 മെയ് 4-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 മെയ് 2, തിങ്കളാഴ്ചയാണ് ജിദ്ദ സീസണിന്റെ ഭാഗമായുള്ള വിവിധ ആഘോഷങ്ങൾ, പരിപാടികൾ എന്നിവ ആരംഭിച്ചത്. ജിദ്ദ ആർട്ട് പ്രൊമനേഡിലെ വിവിധ കലാപരിപാടികൾക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഒമ്പത് പ്രത്യേക മേഖലകളിലായി 2800-ൽ പരം പരിപാടികളാണ് രണ്ടാമത് ജിദ്ദ സീസണിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ജിദ്ദ സീസൺ സംഘടിപ്പിച്ചിരുന്നില്ല.

അറുപത് ദിവസം നീണ്ട് നിൽക്കുന്ന ജിദ്ദ സീസണിന്റെ ഭാഗമായി ദിനവും അതിഗംഭീരമായ കരിമരുന്ന് കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.

വിദേശകാലാകാരന്മാർ അവതരിപ്പിക്കുന്ന കായികാഭ്യാസപ്രകടനങ്ങള്‍, ജലവിദ്യകൾ തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.