സന്ദർശകർക്ക് കണ്ടൽ കാടുകളുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്ന, അബുദാബിയിലെ ജുബൈൽ മാൻഗ്രോവ് പാർക്ക് ഒക്ടോബർ 1 മുതൽ തുറന്നു കൊടുത്തു. കൊറോണ വൈറസ് സാഹചര്യത്തിൽ മാർച്ച് മുതൽ താത്കാലികമായി അടച്ചിട്ടിരുന്ന പാർക്കിന്റെ പ്രവർത്തനങ്ങൾ, സന്ദർശകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയതോടെയാണ് പുനരാരംഭിച്ചിട്ടുള്ളത്.
പാർക്കിലെത്തുന്ന സന്ദർശകർക്ക് മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. https://park.jubailisland.ae എന്ന വിലാസത്തിൽ ബുക്കിംഗ് സംവിധാനം ലഭ്യമാണ്. കണ്ടൽക്കാടുകളുടെ ഇടയിലൂടെയുള്ള മനോഹരമായ നടപ്പാത ജുബൈൽ മാൻഗ്രോവ് പാർക്കിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
മുതിർന്നവർക്ക് 15 ദിർഹം, പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് 10 ദിർഹം എന്നിങ്ങനെയാണ് പാർക്കിലേക്കുള്ള പ്രവേശന ഫീസ്. 7 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിലെത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം, വ്യക്തി ശുചിത്വം മുതലായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പാർക്ക് അധികൃതർ സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2020 ജനുവരിയിലാണ് ജുബൈൽ മാൻഗ്രോവ് പാർക്ക് പ്രവർത്തനമാരംഭിച്ചത്. കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം, കണ്ടൽ ചെടികളുടെയും, കാടുകളുടെയും സംരക്ഷണം, കണ്ടൽ കാടുകളിലെ ജൈവവൈവിദ്ധ്യം, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ പാർക്കിന് രൂപം നൽകിയിട്ടുള്ളത്.
ഏതാണ്ട് ഒരു ദശലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള പാർക്കിൽ, ഒരു കിലോമീറ്റർ മുതൽ രണ്ട് കിലോമീറ്റർ വരെ ദൈർഘ്യമുള്ള വിവിധ തരത്തിലുള്ള നടപ്പാതകളുണ്ട്. കണ്ടൽ വനങ്ങൾക്കിടയിലൂടെയുള്ള ഈ നടപ്പാതകൾ സന്ദർശകർക്ക് ഇത്തരം ആവാസവ്യവസ്ഥകളെയും, അവയിലെ വിവിധ ജീവജാലങ്ങളെയും അടുത്തറിയുന്നതിനും, പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും അവസരം നൽകുന്നു.
ദിനവും രാവിലെ 8 മുതൽ വൈകീട്ട് 7.30 (സന്ദർശകരുടെ അവസാന സംഘത്തിന്റെ പ്രവേശനം വൈകീട്ട് 6 മണിക്ക് അവസാനിക്കും) വരെയാണ് പാർക്കിലേക്കുള്ള പ്രവേശനം.