ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്നത് റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അബുദാബി പോലീസ്

UAE

വാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന് അബുദാബി പോലീസ് (ADP) മുന്നറിയിപ്പ് നൽകി. അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നതെന്ന് ADP ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവണതകൾ വാഹനമോടിക്കുന്നവരുടെയും, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെയും ജീവനു ഒരു പോലെ ഭീഷണി ഉയർത്തുന്നതാണെന്ന് ഓർമ്മപ്പെടുത്തിയ അബുദാബി പോലീസ്, ജനങ്ങളോട് ഇത്തരം നിയമങ്ങൾ പാലിക്കാൻ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു.

വാഹനമോടിക്കുന്ന അവസരത്തിൽ വാഹനം നിയന്ത്രിക്കുന്നതിലും, റോഡിലെ സാഹചര്യങ്ങളെ കുറിച്ചും പൂർണ്ണമായി ശ്രദ്ധ ചെലുത്താനും, വാഹനമോടിക്കുന്ന സമയം ഫോൺ, ഇന്റർനെറ്റ്, സമൂഹമാധ്യമങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കാനും ഡ്രൈവർമാരോട് ADP നിർദ്ദേശിച്ചു. ഇത്തരത്തിലുള്ള നിയമലംഘങ്ങൾ കണ്ടെത്തുന്നതിനായി ADP എല്ലാ നാല്‍ക്കവലകളിലും ക്യാമറകൾ ഉപയോഗിച്ച് വരുന്നതായും, അബുദാബിയിലെ ട്രാഫിക് നിരീക്ഷണ കണ്ട്രോൾ സെന്റററിൽ മുഴുവൻ സമയവും ഇത്തരം ലംഘങ്ങൾ നിരീക്ഷിക്കുന്നതായും ADP ഓർമ്മപ്പെടുത്തി.

ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്ന ചെറുവാഹങ്ങളിലെ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും, 12 ട്രാഫിക്ക് ബ്ലാക് പോയിന്റുകളും ചുമത്തുന്നതാണെന്നും ADP വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് പോലീസ് പിടിച്ചെടുക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. റെഡ് ലൈറ്റ് ലംഘിക്കുന്ന ട്രക്കുകൾക്ക് 3000 ദിർഹം പിഴ ചുമത്തുകയും, ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുന്നതുമാണ്.