സംസ്ഥാനത്ത് 1 മരണം; 3 പേർക്ക് കൂടി COVID-19

Kerala News

ഏപ്രിൽ 24, വെള്ളിയാഴ്ച്ച, കോവിഡ്-19 ബാധിച്ച് കോഴിക്കോട് ചികിത്‌സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്‌സയിലായിരുന്നു കുട്ടി. ജൻമനാ ഹൃദയവൈകല്യമുള്ള കുഞ്ഞിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് സ്വദേശികളായ മൂന്നു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

15 പേർ രോഗമുക്തി നേടി. ഇതിൽ അഞ്ച് പേർ കാസർകോട് സ്വദേശികളും മൂന്നു പേർ വീതം പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലുള്ളവരും ഒരാൾ കൊല്ലം സ്വദേശിയുമാണ്. നിലവിൽ 116 പേരാണ് ചികിത്‌സയിലുള്ളത്. വെള്ളിയാഴ്ച 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്‌സയിലുള്ളത്, 56. കാസർകോട് 18 പേർ ചികിത്‌സയിലുണ്ട്. തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിലവിൽ ആരും ചികിത്‌സയിലില്ല. എന്നാൽ മേയ് മൂന്നു വരെ ഗ്രീൻ സോൺ ക്രമീകരണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.