കേരളത്തിൽ പുതുതായി 12 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട്ട് ആറുപേർക്കും എറണാകുളത്ത് അഞ്ചുപേർക്കും പാലക്കാട്ട് ഒരാൾക്കുമാണ് വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.
നിലവിൽ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത് 37 പേരാണ്.
സംസ്ഥാനത്താകെ 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 44,165 പേർ വീടുകളിലാണ്. 225 പേർ ആശുപത്രികളിലാണ്. വെള്ളിയാഴ്ച 56 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13,632 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്. 5570 പേരെ രോഗബാധയില്ലെന്ന് ഉറപ്പാക്കി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. 3456 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ ഫലം ലഭിച്ച 2393 എണ്ണം നെഗറ്റീവാണ്.
എറണാകുളത്ത് മൂന്നാറിൽ നിന്നെത്തിയ വിദേശ ടൂറിസ്റ്റുകൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട്ട് യു.കെയിൽ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ കണ്ടെത്തിയത്.
കാസർകോട്ട് വിദേശത്ത് നിന്നെത്തിയ വ്യക്തി നിരീക്ഷണ മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചരിച്ചതാണ് പുതിയ രോഗബാധകൾക്ക് വഴിവെച്ചത്. ഇദ്ദേഹം കരിപ്പൂരിൽ വിമാനമിറങ്ങി അവിടെ താമസിച്ച് പിറ്റേന്ന് കോഴിക്കോട് പോയി. അവിടെനിന്ന് ട്രെയിനിനാണ് കാസർകോടേക്ക് പോയത്. തുടർന്നുള്ള ദിവസങ്ങളിൽ നിരീക്ഷണത്തിൽ കഴിയാതെ എല്ലാ പരിപാടികളിലും ഇദ്ദേഹം സംബന്ധിച്ചു. പൊതുപരിപാടികൾ, ഫുട്ബോൾ കളി, ക്ലബ്, വീട്ടിലെ ചടങ്ങ് തുടങ്ങിയവയിൽ പങ്കെടുത്തു. ഈ സാഹചര്യത്തിലാണ് കാസർകോട്ട് പ്രത്യേക കരുതൽ നടപടികൾ ഏർപ്പെടുത്തുന്നത്. ആവർത്തിച്ച് ജാഗ്രതാനിർദേശങ്ങൾ നൽകിയാലും ചിലർ സന്നദ്ധരാകാത്തതിന്റെ പ്രശ്നമാണിത്.
കാസർകോട് ജില്ലയിലെ സർക്കാർ ഓഫീസുകൾ ഒരാഴ്ച അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവർത്തിക്കും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. എല്ലാ ക്ലബ്ബുകളും രണ്ടാഴ്ച പ്രവർത്തിക്കില്ല. ഇത്തരത്തിൽ വലിയ തോതിലുള്ള നിയന്ത്രണം കാസർകോട്ട് വരും.
കാസർകോട്ട് രണ്ട് എം.എൽ.എമാരും നിരീക്ഷണത്തിലായിട്ടുണ്ട്. ഒരാളെ രോഗമുള്ളയാൾ ഷേക് ഹാൻഡ് ചെയ്തതും മറ്റെയാളെ കെട്ടിപ്പിടിച്ചതുമാണ് കാരണം.
നിയന്ത്രണങ്ങൾ സമൂഹത്തിൽ രോഗം പടരാതിരിക്കാനുള്ള കരുതലാണ്. ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിൽ നല്ലരീതിയിൽ ജനങ്ങളെ കുറച്ച് സഹകരിച്ചവരാണ് കൂടുതൽ.
എന്നാൽ ചിലയിടത്ത് സാധാരണനിലയ്ക്ക് നടന്നിട്ടുണ്ട്. പൊതുപരിപാടികളിൽ രോഗബാധയുള്ള ആരെങ്കിലും വന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് ഇത്തരം കാര്യങ്ങൾ പരിമിതപ്പെടുത്തണം എന്നു പറയുന്നത്.
ഇതുവരെ അഭ്യർഥന മാത്രമായിരുന്നു സർക്കാർ നടത്തിയത്. ഒരുഘട്ടം കടന്നാൽ നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കാസർകോട് പ്രത്യേക സാഹചര്യമായതിനാൽ പരീക്ഷകൾ ഒഴിവാക്കേണ്ടിവന്നതിനാലാണ് സംസ്ഥാനമാകെ പരീക്ഷകൾ നിർത്തിവെച്ചത്.
തദ്ദേശസ്ഥാപനങ്ങളിൽ വസ്തുനികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസൻസ് അടക്കമുള്ളവ പുതുക്കുന്നതിനും വിനോദനികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ഏപ്രിൽ 30 ആയി ദീർഘിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
റവന്യൂ റിക്കവറി നടപടികളെല്ലാം ഏപ്രിൽ 30 വരെ നീട്ടി.
22 സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ 4400 സിംഗിൾ മുറികൾ കൊറോണ കെയർ സെൻററുകളാക്കാൻ അവർ സമ്മതിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
രോഗപരിശോധനകൾ എങ്ങനെ വേഗത്തിലാക്കാം എന്നതിൽ റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാസ്‌ക്, ഗ്ളൗസ്, സാനിറ്റൈസർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയവ ആവശ്യമായ തോതിൽ ലഭ്യമാക്കാൻ ആരോഗ്യവകുപ്പുമായി ചർച്ച ചെയ്ത് വ്യവസായ വകുപ്പ് ഫലപ്രദമായ സംവിധാനം രൂപം നൽകാൻ നിർദേശിച്ചു. കൊറോണ കെയർ സെൻറർ സ്ഥാപിക്കാൻ എടുക്കുന്ന കെട്ടിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ആരോഗ്യവകുപ്പുമായി ചർച്ച നടത്തി പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ കുറച്ചുപേരുടെ വീടുകളിൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ട്. ഇത്തരത്തിൽ നിരീക്ഷണത്തിൽ ഉള്ളവരെ പ്രത്യേകമായി താമസിപ്പിക്കാൻ സൗകര്യമൊരുക്കും. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർക്കും ജോലിക്ക് പോകാൻ കഴിയാത്തവർക്കും മറ്റും പ്രശ്നങ്ങളുള്ളവർക്ക് തദ്ദേശവകുപ്പും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് പാകം ചെയ്ത ഭക്ഷണമെത്തിക്കാൻ സൗകര്യമൊരുക്കും. രോഗം വ്യാപിക്കുന്ന ഘട്ടമുണ്ടായാൽ ആവശ്യമായ ചിട്ടകൾ ദുരന്ത പ്രതികരണ സമിതി രൂപപ്പെടുത്തും.
തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്കില്ല എന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പരിശോധന ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.
വ്യവസായ പാർക്ക്, മത്സ്യസംസ്‌കരണ ശാലകൾ, ടെക്സ്റ്റയിൽ ഫാക്ടറികൾ തുടങ്ങി ഒരുപാട് പേർ ജോലി ചെയ്യുന്നിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുകളും ശക്തമായി പാലിക്കണം. പാലിച്ചില്ലെങ്കിൽ ഇടപെടലുണ്ടാകും. സ്‌കൂൾ, കോളേജ് അധ്യാപകർ ഈമാസം ഇനിയുള്ള ദിവസങ്ങളിൽ ഹാജരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിനോട് സഹകരിക്കും. ഈ ദിനത്തിൽ സർക്കാരിന്റെ കെ.എസ്.ആർ.ടി.സി, മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഓടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അന്ന് വീടുകളിൽ കഴിയുമ്പോൾ എല്ലാവരും അവരവരുടെ വീടും പരിസരവും ശുചിയാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.