സംസ്ഥാനത്ത് തിങ്കളാഴ്ച 19 പേർ കൂടി കോവിഡ് 19 രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് 12ഉം പത്തനംതിട്ട, തൃശൂർ ജില്ലകളിൽ മൂന്നു വീതവും കണ്ണൂരിൽ ഒരാളും രോഗമുക്തി നേടി.
മൂന്നു പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ കണ്ണൂരും ഒരാൾ പാലക്കാടുമാണ്. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
കേരളത്തിൽ 178 പേരാണ് ഇപ്പോൾ ചികിത്‌സയിലുള്ളത്. 1,12,183 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,11,468 പേർ വീടുകളിലും 715 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച 86 പേരെ ആശുപത്രികളിലാക്കി.
പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ കുറവും സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലെ വർധനയും കണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ രൂപപ്പെട്ടത് അപകടകരമാണ്. രാജ്യത്ത് ലോക്ക്ഡൗൺ തുടരുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം ആവശ്യമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രതയ്ക്ക് ഒട്ടും കുറവ് വരുത്താവുന്ന അവസ്ഥയല്ല നമുക്ക് മുന്നിലുള്ളത്. ആൾക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനം എന്ന അത്യാപത്തും സംഭവിക്കും. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കാനായതിന്റെ ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കാൻ തയ്യാറായ മുഴുവൻ ജനങ്ങളേയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.