കേരളത്തിൽ ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
കാസർഗോഡ് ജില്ലകളിലെ മൂന്നു പേർക്കും കണ്ണൂർ, മലപ്പുറം ജില്ലയിലെ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേർ നിസാമുദ്ദീനിൽ നിന്നും വന്നതാണ്. അഞ്ചു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. അതിൽ രണ്ട് പേർ കണ്ണൂരിലും മൂന്ന് പേർ കാസർഗോഡും ഉള്ളവരാണ്.
ഇന്ന് കേരളത്തിൽ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസർഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 8 പേർ) കണ്ണൂർ ജില്ലയിലുള്ള ആറ് പേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ട് പേരുടേയും (ഒരാൾ കാസർഗോഡ്) എറണകുളം, തൃശൂർ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.
കേരളത്തിൽ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാർജായത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ട് പേരും എറണാകുളം ജില്ലയിൽ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയിൽ നിന്നുള്ള ഏഴ് പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള 37 പേരും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 24 പേരും കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ടു പേരും കോട്ടയം ജില്ലയിൽ നിന്നുള്ള മൂന്ന് പേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആറ് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ള നാല് പേരും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള എട്ട് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എട്ട് പേരും തൃശൂർ ജില്ലയിൽ നിന്നുള്ള ഏഴ് പേരും വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേരുമാണ് ഡിസ്ചാർജായത്.
ഇതിൽ എട്ട് വിദേശികളും ഉൾപ്പെടും. ഏഴ് വിദേശികൾ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡിസ്ചാർജ് ആയത്.
കേരളത്തിൽ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാർച്ച് എട്ട് മുതലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 364 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 238 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,29,021 പേർ വീടുകളിലും 730 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 13,339 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.