കേരളത്തിൽ ചൊവ്വാഴ്ച 19 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ പത്തും പാലക്കാട് നാലും കാസർകോട് മൂന്നും മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതവും പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂരിൽ ഒമ്പതു പേർ വിദേശത്തു നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കാസർകോട് ജില്ലയിൽ മൂന്നു പേരും വിദേശത്തുനിന്ന് വന്നവരാണ്.
മലപ്പുറം, കൊല്ലം ജില്ലകളിലെയും പാലക്കാട്ടെ ഒരാളും തമിഴ്‌നാട്ടിൽ നിന്ന് വന്നതാണ്. അതിർത്തിയിലെ നിയന്ത്രണം കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 16 പേർ രോഗമുക്തരായി. കണ്ണൂരിൽ ഏഴും കാസർകോടും കോഴിക്കോടും നാലു വീതവും തിരുവനന്തപുരത്ത് ഒരാളും രോഗമുക്തി നേടി. 117 പേർ ഇപ്പോൾ ചികിത്‌സയിലുണ്ട്. 36667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 36335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലുമാണ്.
രോഗവ്യാപനം പ്രവചനാതീതമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വിചിത്രമായ അനുഭവങ്ങളുമുണ്ട്. പത്തനംതിട്ട ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച 62 വയസുകാരി ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ല. മാർച്ച് എട്ടിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ രണ്ടിന് ഒരു തവണ പരിശോധന നെഗറ്റീവായെങ്കിലും രോഗമുക്തയായിട്ടില്ല. 36 ദിവസമായി രോഗി പോസിറ്റീവാണ്. 45 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്.
പ്രതിസന്ധിയെ മറികടക്കുന്നത് എളുപ്പ ജോലിയല്ല. അതിനാൽ ജാഗ്രതക്കുറവ് ഉണ്ടാവാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.