കേരളത്തിൽ വ്യാഴാഴ്ച ആർക്കും COVID-19 സ്ഥിരീകരിച്ചിട്ടില്ല

Kerala News

സംസ്ഥാനത്ത് മെയ് 7, വ്യാഴാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേരുടേയും കാസർഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 16,383 പേർ വീടുകളിലും 310 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3035 സാമ്പിളുകൾ ശേഖരിച്ചതിൽ 2337 സാമ്പിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.