കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്. ഇന്നലെ പുതുതായി ആറു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 165 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മരിച്ച അറുപത്തൊമ്പതുകാരൻ. രോഗം ബാധിച്ച് ദുബായിൽനിന്നു നാട്ടിലെത്തിയ ഇദ്ദേഹം ഹൃദ്രോഗത്തെത്തുടർന്നു ബൈപാസ് സർജറിക്കു വിധേയനായിരുന്നു. കടുത്ത ന്യുമോണിയ ബാധിതനുമായിരുന്നു. കടുത്ത രക്തസമ്മർദവുമുായിരുന്നു. ഇക്കാരണങ്ങളാലാണു രോഗം മൂർഛിച്ചതും ജീവൻ രക്ഷിക്കാൻ കഴിയാതിരുന്നതുമെന്നും നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്നലെ രോഗം സ്ഥിരീകരിച്ച ആറു പേരിൽ രണ്ടു പേർ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോ ആളുകൾക്കു വീതവും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇതുവരെ 1,34,370 പേർ കോവിഡ് സംശയത്തെത്തുടർന്നു നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലും ഐസൊലേഷനിലാണ്. ഇന്നലെ 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6,067 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിൽ 5,276 പേർക്കു രോഗമില്ലെന്ന ഫലം ലഭിച്ചു.
കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്നവരിൽ നാലു പേർക്കു രോഗം ഭേദമായി. ഇതിൽ ഒരാൾ തിരുവനന്തപുരത്തും രണ്ടു പേർ കോട്ടയത്തുമുള്ളവരാണ്. മറ്റൊരാൾ എറണാകുളത്തു ചികിത്സയിലായിരുന്ന വിദേശ പൗരനാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുൻ ദിവസങ്ങളേക്കാൾ വലിയ കുറവു വന്നിട്ടുണ്ടെങ്കിലും ആശങ്ക അവസാനിച്ചതായി കരുതാനാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോഴുള്ള ജാഗ്രത കൂടുതൽ ശക്തമായി തുടരണം. ശാരീരിക അകലം പാലിക്കുന്നതിലും ആരോഗ്യ വകുപ്പു നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി അനുസരിക്കുന്നതിലും വീഴ്ച വരുത്തരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.