മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കേരളത്തിൽ തിരികെയെത്തിക്കാനായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 29 മുതൽ

Kerala News

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർക്കുള്ള രജിസ്‌ട്രേഷൻ നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച ആരംഭിക്കും.

ഇതരസംസ്ഥാനങ്ങളിൽ ചികിത്‌സാവശ്യങ്ങൾക്കായി പോയവർ, ചികിത്‌സ കഴിഞ്ഞവർ, വിദഗ്ധ ചികിത്‌സയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം തീയതി നീട്ടിയതിനാൽ അവിടെയായ മറ്റു സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനാവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവർ, മറ്റു സംസ്ഥാനങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം മടങ്ങാനാവാത്തവർ, പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കായി പോയവർ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ പ്രഥമ പരിഗണന.

ഇവരെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരും. ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ ജില്ലാ കളക്ടർമാരോടു നിർദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാവും ഇവരെ തിരികെ കൊണ്ടുവരിക. ഏതെല്ലാം വഴികളിലൂടെ കൊണ്ടുവരണമെന്നത് സംബന്ധിച്ച് ക്രമീകരണമുണ്ടാവും. ഇവർക്ക് അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തും. തിരികെയെത്തുന്ന എല്ലാവരും നിർബന്ധമായി ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് തിരികെ വരുന്ന പ്രവാസികളെ പരിശോധിക്കുന്നതിന് വിമാനത്താവളം കേന്ദ്രീകരിച്ച് സംവിധാനം ഉണ്ടാവും. 2,02000 വിദേശ മലയാളികൾ തിരികെ വരുന്നതിന് നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് ഇവരെ കൊണ്ടുവരുന്നതിന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണമെന്നും തിരികെ എത്തിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരെയും പരിശോധിക്കും. വനത്തിലെ ഊടുവഴികളിലൂടെ കേരളത്തിലേക്ക് എത്തുന്നത് വനംവകുപ്പിന്റെ സഹായത്തോടെ തടയാൻ പോലീസിന് നിർദ്ദേശം നൽകി.