കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും

Kerala News

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് നിർദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ സർക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാൻസ്പോർട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാം. ഫാക്ടറികൾ, കടകൾ, വർക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സർവ്വീസുകൾക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങൾക്ക് പോലീസിന് നേരിട്ട് കേസെടുക്കാം.

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് സാനിറ്റൈസറുകളുംഎട്ട് വിഭാഗം മരുന്നുകളും ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് ടെണ്ടർ നടപടികളിൽ നിന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് ഇളവ് നൽകാനും തീരുമാനിച്ചു.

1.2020-ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ഓർഡിനൻസ്, 2.2020-ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്, 3.2020-ലെ കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ഓർഡിനൻസ്, 4.2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, 5.2020-ലെ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്, 6.2020-ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ഓർഡിനൻസ്, 7.2020-ലെ കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ഓർഡിനൻസ്, 8.2020-ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നോവേഷൻ ആൻറ് ടെക്നോളജി ഓർഡിനൻസ് എന്നീ എട്ട് ഓർഡിനൻസുകൾ പുനഃവിളംബരം ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടാൻ തീരുമാനിച്ചു.

വ്യവസായ വകുപ്പിനു കീഴിലുള്ള ടെൽക്കിലെ തൊഴിലാളികളുടെ ദീർഘകാല കരാർ 2016 സപ്തംബർ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ചു.
അവിനാശിയിൽ കെ.എസ്.ആർ.ടിസി ബസ് അപകടത്തിൽ മരിച്ച 19 പേരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം നൽകാൻ തീരുമാനിച്ചു. പത്രപ്രവർത്തരുടെയും പത്രജീവനക്കാരുടെയും പെൻഷൻ സംബന്ധമായ നടപടികൾ വേഗത്തിലാക്കുന്നതിന് വിവര പൊതുജന സമ്പർക്ക വകുപ്പിൽ നേരത്തെ രൂപീകരിച്ച പ്രത്യേക സെക്ഷന് ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോറിന് കെ.എസ്.ഐ.ഡി.സി എം.ഡി.യുടെ അധിക ചുമതല നൽകും. ജി.എസ്.ടി കമ്മീഷണർ ആനന്ദ് സിങ്ങിന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകാനും മന്ത്രിസഭ തീരുമാനിച്ചു.