Covid-19: പ്രതിരോധത്തിനായി കേരളം വിദഗ്ദ്ധ സമിതി രൂപീകരിക്കും

Kerala News

കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ്19 പ്രതിരോധം സംബന്ധിച്ച് ഡോക്ടർമാരുമായും ശാസ്ത്രജ്ഞൻമാരുമായും ആശയവിനിയമം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വിവരങ്ങൾ കൈമാറാനും അവരെ ബോധവൽക്കരിക്കുന്നതിനും ഇൻററാക്ടീവ് വെബ് പോർട്ടൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗപ്രതിരോധ സന്ദേശം വീടുകളിൽ എത്തിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സർവ്വകലാശാല ഇതിന് നേതൃത്വം നൽകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കും.

  പാരാമെഡിക്കൽ ജീവനക്കാരുടെ സേവനവും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. പൊതുജനങ്ങൾക്ക് രോഗപ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടർമാരിൽ നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റൽ കൺസൾട്ടേഷൻ ആരംഭിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിന് മുൻകൈ എടുക്കണം.

രോഗപ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ഇടപെടലുകളും ആവശ്യമാണ്. ഇത് സംബന്ധിച്ച് സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഡോക്ടർമാരുടെ പിന്തുണയുണ്ടാകണം.

ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ്-19 നെക്കുറിച്ച് നടക്കുന്ന ധാരാളം പഠനങ്ങളും ഗവേഷണങ്ങളും സംബന്ധിച്ച വിവരങ്ങളും നിഗമനങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും സംവിധാനമുണ്ടാക്കും.

അറുപതിനു മുകളിൽ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങൾ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും എന്നതാണ് പൊതുവെയുള്ള അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങൾ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കാൻ ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ പാലിയേറ്റിവ് സെൻററുകളുടെയും പാലിയേറ്റിവ് വളണ്ടിയർമാരുടെയും സേവനം ഇതിന്  ഉപയോഗപ്പെടുത്തും.  

ഡോക്ടർമാരും ആശുപത്രികളിൽ അവരെ സഹായിക്കുന്ന ജീവനക്കാരും കൂടുതൽ മുൻകരുതൽ എടുക്കണം. ഇതിനാവശ്യമായ മാർഗനിർദേശം സർക്കാർ നൽകും.
സർക്കാരിനെ സംബന്ധിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചു നീങ്ങുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. രോഗബാധ സംശയിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവർ സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നത് ഏറ്റവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  ഡോ. രാജൻ ഖൊബ്രഗഡെ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ഡോ. ബി ഇക്ബാൽ, ഡോ. കെ.പി. അരവിന്ദൻ, ഡോ. എം.ആർ. രാജഗോപാൽ, ഡോ. വി. രാമൻ കുട്ടി, ഡോ.ഇ. ശ്രീകുമാർ (രാജീവ് ഗാന്ധി സെൻറർ ഫോൽ ബയോടെക്നോളജി), ഡോ. സ്റ്റാലിൻ രാജ് (ഐസർ, തിരുവനന്തപുരം), ഡോ. പി.എസ്. ഷെറീക്, ഡോ. സോഫിയ സലീം മാലിക്, ഐ.എം.എ പ്രസിഡൻറ് ഡോ. അബ്രഹാം വർഗീസ്, ഡോ. രവി പ്രസാദ്, ഡോ. ശ്രീജിത് എൻ കുമാർ, ഡോ. മോഹൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി). മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *