കോവിഡ്-19-നെതിരെ ദ്രുതപരിശോധനയുമായി കേരളം

Kerala News

കോവിഡ്-19 മഹാമാരിയെ ചെറുക്കുന്നതിന് ദ്രുതപരിശോധന നടപ്പാക്കുന്നതിലൂടെ കേരള സർക്കാർ സമൂഹ നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു.  ദ്രുതപരിശോധനയിലൂടെ രോഗബാധ കണ്ടെത്താനും, വ്യാപന വ്യാപ്തി മനസിലാക്കാനും, അതിലൂടെ ലോക്ഡൗൺ കാലാവധി പുനർനിർണയിക്കാനുമാവും. ലോക് ഡൗൺ അവസാനിപ്പിച്ചാലും നിരീക്ഷണ കാലാവധി നിശ്ചയിക്കാം.

പുറത്തുനിന്ന് വരുന്നവരിൽ നിന്നുള്ള രോഗവ്യാപനം തടയാൻ അതിർത്തി പ്രവേശന കവാടങ്ങളിൽ ഈ പരിശോധന നടത്തും.  വിശദവിവരങ്ങൾക്കും പ്രാരംഭ രജിസ്‌ട്രേഷനും  covidpsnodedme@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം.

ദ്രുതപരിശോധനയിലൂടെ ഫലം 15 മിനിറ്റിനുള്ളിൽ അറിയാനാവും.  പരിചരണ ഘട്ടത്തിൽ ടെസ്റ്റ് നടത്താം, പരിശോധനയ്ക്ക് വിദഗ്ധ പരിശീലനം ലഭിച്ചവർ വേണമെന്നില്ല എന്നീ മെച്ചവുമുണ്ട്.

കോവിഡ്-19 രോഗബാധയ്ക്കുശേഷം ഏഴു ദിവസത്തിനുള്ളിൽ കാണപ്പെടുകയും ഏകദേശം 20 ദിവസത്തിനുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഐ.ജി.എം ആന്റിബോഡി, രോഗബാധയ്ക്ക് ശേഷം ഏകദേശം 14 ദിവസം കഴിഞ്ഞ് ഇത് ഉത്പാദിപ്പിക്കുന്ന ഐ.ജി.ജി ആന്റിബോഡി എന്നിവ ഇതിലൂടെ പരിശോധിക്കും.  
വിദേശത്തുനിന്ന് എത്തിയവർ, കൂടുതൽ രോഗവ്യാപനമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ, വിദേശ രാജ്യങ്ങളിലോ മറ്റു സംസ്ഥാനങ്ങളിലോ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവർ എന്നിവരിൽ റാപ്പിഡ് ടെസ്റ്റ് നടത്തും.

കോവിഡ് 19 സംശയത്തിലുള്ളവർ, ആർടി-പിസിആർ നെഗറ്റീവായ കോവിഡ് 19 ന് അധിക സാധ്യതാ ലക്ഷണമുള്ളവർ, ആരോഗ്യ പരിരക്ഷാ പ്രവർത്തകരെ പോലെ രോഗബാധയ്ക്ക് സാധ്യതയേറെയുള്ളവർ, ശ്വസന സംബന്ധമായി അതീവ പ്രശ്‌നമുള്ള (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ) വ്യക്തികൾ, ഐസൊലേറ്റ് ചെയ്തതും ക്വാറന്റൈനിലുള്ളവരും, രോഗം നിർണയിക്കപ്പെടാതെ തന്നെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ മാറിയവർ, അതീവ ജാഗ്രതാ മേഖലകളിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവർ (നിയന്ത്രണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ, വിതരണക്കാർ, പലചരക്കുകടകളിലേയും റേഷൻ കടകളിലേയും കൗണ്ടർ സ്റ്റാഫ് മുതലായവർ) എന്നിവരിലും ദ്രുത പരിശോധന നടത്താം.

എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികൾ, കോവിഡ് 19 പരിശോധന നടത്തുന്നതിന് ഐസിഎംആർ അംഗീകാരമുള്ള ലബോറട്ടറികൾ, എഫ്ഡിഎ, ഐസിഎംആർ അംഗീകാരമുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നവർ എന്നിവിടങ്ങളിൽ പരിശോധന നടത്താനാവും.  ഓൺലൈൻ രജിസ്‌ട്രേഷനും പരിശോധനാഫലം റിപ്പോർട്ട് ചെയ്യുന്നതിനും ലബോറട്ടറികൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കും.

ഈ പകർച്ചവ്യാധിയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യസ്വഭാവം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കോവിഡ് 19 ദ്രുതപരിശോധന നടത്താൻ ഐസിഎംആറിന്റെ അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളുമായി സർക്കാർ നിയമപ്രകാരം കരാറിലേർപ്പെടും.  പരിശോധനയ്ക്ക് വിധേയരായ വ്യക്തികളുമായി പരിശോധനാ ഫലത്തെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് സർക്കാർ മാത്രമായിരിക്കും.