നെറ്റ് കണക്ഷൻ, കമ്പ്യൂട്ടറുകൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ഐ. ടി ജീവനക്കാർക്കായി ഐ. ടി കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള ജീവനക്കാരുടെ പ്രവർത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കിൽ അവരെ വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുകയും വിവരം സംസ്ഥാന ഐടി വകുപ്പ് നിർദേശിക്കുന്ന നോഡൽ ഓഫീസർക്ക് ലഭ്യമാക്കുകയും വേണമെന്ന് ഐ. ടി കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചു. ഇങ്ങനെ വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറുന്നവർക്ക് സർക്കാർ നടത്തുന്ന നൈപുണ്യവികസന പരിശീലനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണം.
ഉചിതമായ ശേഷി ആർജിക്കുന്ന മുറയ്ക്ക് അവരെ പുതിയ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തണം. വർക്ക് ഷെയറിങ് ബെഞ്ചിലുള്ളവരുടെ സേവനം മറ്റ് കമ്പനികൾക്കോ സർക്കാർ വകുപ്പുകൾക്കോ ഉപയോഗിക്കാൻ അനുമതി നൽകണം. അത്തരം പ്രവൃത്തികൾക്ക് ലഭിക്കുന്ന പ്രതിഫലം ഈ ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് വിനിയോഗിക്കുന്നതിന് പരിഗണിക്കണം. വർക്ക് ഷെയറിങ് ബെഞ്ചിലേക്ക് മാറ്റുന്ന ജീവനക്കാരെ മുഴുവൻ പുതിയ പ്രൊജക്ടുകളിൽ നിയമിച്ച ശേഷമേ പുറമെ നിന്ന് ആളുകളെ എടുക്കാവൂ എന്ന നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
COVID-19 മൂലം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഐ. ടി മേഖലയിൽ കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷ തൊഴിലും നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് ആസൂത്രണ വിഭാഗം കണക്കാക്കിയിട്ടുണ്ട്. സംരംഭങ്ങളെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതോടൊപ്പം ജീവനക്കാരുടെ തൊഴിൽ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കിയേ പറ്റൂ. എന്നാൽ, കമ്പനികൾക്ക് അധിക ഭാരമുണ്ടാകാനും പാടില്ല. ഇതനുസരിച്ച് ചില നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.
ഐടി കമ്പനികൾ പ്രവർത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നു മാസത്തേക്ക് വാടക ഇളവ് നൽകും. 2020-21 വർഷത്തിൽ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തെരഞ്ഞെടുക്കാം.
വാടകയിലെ വാർഷിക വർധന ഒഴിവാക്കുന്നതും പരിഗണിക്കും. ഇതിൽ തീരുമാനമെടുത്താൽ 2021-22 വർഷത്തെ വാടക നിരക്കിൽ വർധന ഉണ്ടാകില്ല. സർക്കാരിനു വേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളിൽ പണം കിട്ടാനുണ്ടെങ്കിൽ അവ പരിശോധിച്ച് ഉടനെ അനുവദിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.
പ്രവർത്തന മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പനികൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചർച്ച നടത്തും. സംസ്ഥാന ഐടി പാർക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്എംഇ രജിസ്‌ട്രേഷൻ ഉള്ളവയാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുപോലെ അവർക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവിലുള്ളതു തന്നെയായിരിക്കും. ഇതിന്റെ അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തും. സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളിൽ കേരളത്തിലെ ഐടി കമ്പനികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനുള്ള നിർദേശത്തിൽ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും. ലോക്ക്ഡൗൺ ഇളവുകൾ അനുസരിച്ച് ജീവനക്കാർ മടങ്ങിയെത്തുമ്പോൾ സർക്കാർ നിർദേശിച്ച എല്ലാ കോവിഡ് നിബന്ധനകളും പാലിക്കണം. പരമാവധി പേരെ വർക്ക് ഫ്രം ഹോം രീതിയിൽ തുടരാൻ അനുവദിക്കണം.