ഇത്തവണ അവധിക്ക് പോയപ്പോളാണ് ഉപ്പേരികൾ വേണ്ടത്രയും കഴിച്ചതെന്ന് തോന്നിപ്പോകുന്നു… പലതരം ഉപ്പേരികൾ; കായവറുത്തതും, ശർക്കരയുപ്പേരിയും, മെഴുക്കുപുരട്ടിയും, പച്ചപ്പയറുപ്പേരിയും അങ്ങിനെ ഒരു സദ്യയിലേക്കു വേണ്ട അത്രയും ഉപ്പേരികൾ… ഉപ്പേരികളെ പറ്റി ഓർത്തപ്പോളാണ് ഒരു യാത്രയിൽ ഒരച്ഛൻ മകൾക്ക് ചോറ് കൊടുക്കുന്നത് ഓർമ്മയിൽ വന്നത്…
യാത്രയിലൊരിക്കൽ ബസ് കാത്തുനിൽക്കുമ്പോൾ, ഒരച്ഛൻ തൻ്റെ കുഞ്ഞുമകൾക്ക് ചോറുകൊടുക്കുന്നത് ശ്രദ്ധയിൽപെട്ടു… ബസ് സ്റ്റോപ്പിന്റെ ഇറയത്തു, അന്ന് ഭിക്ഷയായികിട്ടിയ വള്ളിപ്പാത്രത്തിലെ ചോറ് മകൾക്കു വാരിക്കൊടുക്കുന്ന ഒരച്ഛൻ… വെറും ചോറിൽ ലേശം ഉപ്പിട്ട്, നിലത്തുവിരിച്ച ഏതോ പഴയ പാചക പുസ്തകത്തിലെ ചിത്രങ്ങൾ ഓരോന്ന് കാണിച്ചുകൊടുത്ത് ഒരു ഊട്ട്… മറ്റൊന്നിലും ശ്രദ്ധിക്കാതെ ആ കുട്ടി ആ പുസ്തകത്തിലെ ഓരോ വിഭവങ്ങളിലൂടെയും കണ്ണോടിച്ച് അച്ഛൻ തരുന്ന ഓരോ ഉരുളയും ഇഷ്ടത്തോടെ കഴിക്കുന്നു… കാഴ്ചയിലുള്ള വിഭവങ്ങൾ നോക്കി ഒരു സദ്യ കഴിക്കുന്ന ഒരു പ്രതീതിയാണ് ആ കുരുന്നിന്.
എല്ലാമുണ്ടായിട്ടും പോരായ്ക തോന്നുന്ന ഒരു സമൂഹവും, മക്കളെ ഊട്ടിക്കഴിഞ്ഞാൽ പട്ടിണി കിടക്കേണ്ടിവരുന്ന അച്ഛനമ്മമാർ ഉള്ള മറ്റൊരു സമൂഹവും. എല്ലാത്തിലും സ്വയംപര്യാപ്തതയും, സമത്വവാദവും പ്രഘോഷിക്കുന്ന അഭ്യസ്തവിദ്യരായ സമൂഹം ഈ പട്ടിണിയെ കണ്ടില്ലെന്നു നടിക്കുന്നു. എല്ലാവർക്കും പല നിറത്തിലുള്ള കാർഡുകളും, വോട്ടടിസ്ഥാനമാക്കിയുള്ള ആനുകൂല്യ പ്രഖ്യാപനങ്ങളും വിളമ്പുമ്പോൾ, ഇതൊന്നും എത്താത്ത ഒരു സമൂഹവും നമുക്കിടയിലുണ്ട്; അവരും മനുഷ്യരാണ്…
ഇതുകൊണ്ടൊന്നും സമൂഹം നന്നാവില്ലെന്നു ചിന്തിക്കുന്നവർ ഇന്ന് ഒരുനേരം പട്ടിണി കിടന്നുനോക്കു… എന്നിട്ട് ആ ഭക്ഷണം നിങ്ങൾ കാണുന്ന ഏറ്റവും വിശക്കുന്നവനു നൽകു… മാറ്റം അവിടെനിന്നും തുടങ്ങും…
ഒരു കൈക്കുമ്പിൾ മനുഷ്യത്വം മതി, നല്ല മാറ്റങ്ങൾ സമൂഹത്തിലുണ്ടാക്കാൻ… അതുകൊണ്ട് പിന്നത്തേക്ക് മാറ്റിവെക്കണ്ട, ഇപ്പോൾ തുടങ്ങിനോക്കു; നിങ്ങളിൽ മാറ്റം കൊണ്ടുവരാൻ നിങ്ങൾക്കായെങ്കിൽ, സമൂഹത്തിലും മാറ്റങ്ങൾ കൊണ്ടുവരാൻ അത് സഹായിക്കും… വയറു നിറയുന്നതിനോടൊപ്പം മനസ്സും നിറയുന്ന ഒരു അവസ്ഥ ഇതുമൂലം നമുക്ക് വന്നുചേരുന്നത് അനുഭവിച്ചറിയൂ…
നല്ല പ്രവർത്തികൾക്ക് സാക്ഷിയായി നിങ്ങളുടെ മനസ്സു മാത്രം മതി; അതുകൊണ്ട് നമ്മൾ ചെയ്യുന്നതിലെ കർമ്മശുദ്ധി മാത്രം ശ്രദ്ധിക്കുക, കാഴ്ചക്കാർക്ക് വേണ്ടി വിശക്കുന്നവൻറെയും അല്ലാത്തവന്റെയും മുന്നിൽ പെട്ടന്നൊരു ദിവസം സദ്യവിളമ്പുന്നതിനേക്കാൾ നല്ലതു, കൂടെയിരിക്കുന്നവൻ എൻറെ സഹോദരതുല്യനാണെന്നും , എനിക്കുള്ളപോലെ അവനും വിശക്കുന്നുണ്ടാകും, എനിക്കുള്ളതിൽനിന്നും ഒരു പങ്ക് അവനും കൊടുക്കാം എന്ന് ചിന്തിക്കുന്നിടത്ത് നിങ്ങളിൽ ഒരു പ്രകാശം കാണാൻ സാധിച്ചേക്കാം… മനുഷ്യത്വത്തിന്റെ ആ പ്രകാശം പരക്കുന്നതിലൂടെ മനുഷ്യകുലത്തിന്റെ പ്രാഥമിക അവകാശങ്ങളിലൊന്ന് സാധ്യമായിത്തീരുന്നു…
എല്ലാമുണ്ടായിട്ടും ഭക്ഷണത്തിലെ കുറ്റവും കുറവും കണ്ടെത്തുന്ന നമ്മളിൽ പലർക്കും ഒരു മാറ്റം അവരവരിൽ കൊണ്ടുവരാൻ സാധിക്കട്ടെ… മുൻപൊരിക്കൽ ഒരു സുഹൃത്തെന്നോടു ചോദിച്ചതോർക്കുന്നു…”ഭക്ഷണം കൊടുക്കുന്നതൊക്കെ നല്ലതുതന്നെ; പക്ഷെ ഇപ്പൊ അങ്ങിനെ ആരും പട്ടിണി കിടക്കുന്നില്ലടോ“. ഇതൊരു പൊതുധാരണയാണ്, സൗകര്യപൂർവ്വമുള്ള, അവനവന്റെ മനസ്സിനെ സമാധാനിപ്പിക്കാനുള്ള തെറ്റിധാരണ… നമ്മുടെ ശരീരത്തിൽ വിശപ്പകലുമ്പോൾ നാം വളരെ എളുപ്പം കണ്ടെത്തുന്ന ഒരു ഉത്തരം. വിശക്കുന്നവർ ഉണ്ടായിരുന്നെങ്കിൽ നമ്മൾ അവർക്കും ഒരു പങ്കുകൊടുത്തേനേ, പക്ഷെ വിശക്കുന്നവരെ ആരെയും കണ്ടില്ല…
റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽനിന്നു ഒരു പൊതിച്ചോറ് വാങ്ങി ഞങ്ങൾക്കടുത്ത് ബഞ്ചിൽ കിടന്നിരുന്ന ഒരാളെ ഉണർത്തി അത് നൽകി… ആ മനുഷ്യൻ ആർത്തിയോടെ ആ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിനും മനസ്സിലായി നമ്മുടെ തൊട്ടടുത്ത് തന്നെ പട്ടിണി എന്ന അവസ്ഥ നിലകൊള്ളുന്നു എന്ന സത്യം…
നമ്മൾ ആരെയും ആശ്രയിക്കേണ്ട… നന്മകളുടെ വലുപ്പച്ചെറുപ്പം നോക്കാതെ നന്മ ചെയ്തു നോക്കൂ… ഈ ജീവിതം നമുക്ക് കുറച്ചുകൂടി സുന്ദരമായി തോന്നും… ലോകം മുഴുവനായില്ലെങ്കിലും, നമ്മുടെ കാലടികൾ ഈ വിശാലമായ ഭൂമിയിൽ പതിയുന്നിടത്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാം…
നടന്നു തുടങ്ങാം…നന്മയുടെ പ്രകാശം നിങ്ങൾക്ക് വഴികാട്ടിയായിട്ടുണ്ടാകും…
അയച്ചുതന്നത് : അബ്ദുൾ റൗഫ് തിരുത്തുമ്മൽ, അബുദാബി, യു എ ഇ.