ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ യാത്രികരെ ബോർഡിങ്ങ് ഏരിയയിൽ എത്തിക്കാൻ സ്വയംനിയന്ത്രിത സംവിധാനം

Saudi Arabia

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തുന്ന യാത്രികർക്കായി സൗജന്യ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) എന്ന സ്വയംനിയന്ത്രിത സഞ്ചാര സംവിധാനം പ്രവർത്തനമാരംഭിച്ചു. ജൂൺ 22, തിങ്കളാഴ്ച്ചയാണ് ഈ സംവിധാനം ഉദ്‌ഘാടനം ചെയ്തത്.

വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ കേന്ദ്രങ്ങളിലെ യാത്രികർക്ക് സുഗമമായും, വേഗത്തിലും സഞ്ചാരമൊരുക്കുന്നതിനായാണ് APM ഏർപ്പെടുത്തിയിട്ടുള്ളത്. ടെർമിനൽ ഒന്നിലെ യാത്രികരെ, ചെക്ക്-ഇൻ ഏരിയയിൽ നിന്ന് ബോർഡിങ്ങ് ഏരിയയിലേക്കും തിരികെയും എത്തിക്കുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

ഏതാണ്ട് ഒരു കിലോമീറ്റർ ദൈർഘ്യമുള്ള APM, ഇതാദ്യമായാണ് സൗദിയിലെ ഒരു വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്നത്. നിലവിൽ ഈ സംവിധാനത്തിൽ 2 പാളങ്ങളും, 10 ക്യാബിനുകളും ഉണ്ട്. മണിക്കൂറിൽ 4000 യാത്രികർക്ക് APM-ലൂടെ സഞ്ചരിക്കാം.

വിമാനത്താവളത്തിനകത്ത് പ്രവർത്തിക്കുന്ന ഒരു ചെറു മെട്രോ ട്രയിൻ പോലെയുള്ള ഈ സംവിധാനത്തിൽ ഒരേ സമയം 65 പേർക്കാണ് സഞ്ചരിക്കാനാകുക. ചെക്ക്-ഇൻ- ഏരിയയിൽ ബോർഡിങ്ങ് ഏരിയയിലേക്ക് കേവലം 85 സെക്കന്റിൽ യാത്രികർക്ക് എത്തുന്നതിനു APM സഹായകമാകും. ഓരോ മൂന്ന് മിനിറ്റ് കൂടുമ്പോഴും ഇവ സർവീസ് നടത്തുന്നതാണ്.