കിംഗ് അബ്ദുൽ അസീസ് ഫാൽകോൺറി ഫെസ്റ്റിവൽ 2021 റിയാദിലെ മൽഹാമിൽ നവംബർ 28-ന് ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 നവംബർ 28 മുതൽ ഡിസംബർ 16 വരെയാണ് വേട്ടയാടുന്നതിനും മറ്റും വളർത്തുന്ന പ്രാപ്പിടിയന്‍ പക്ഷികളും അവയുടെ പരിശീലകരും പങ്കെടുക്കുന്ന ഈ മേള സംഘടിപ്പിക്കുന്നത്.
സൗദി ഫാൽക്കൻസ് ക്ലബാണ് ഈ മേള സംഘടിപ്പിക്കുന്നത്. കിംഗ് അബ്ദുൽ അസീസ് ഫാൽകോൺറി ഫെസ്റ്റിവൽ 2021-ൽ ആകെ 25 ദശലക്ഷം റിയാലിന് മുകളിലുള്ള സമ്മാനതുകകളാണ് വിജയികൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തെ തന്നെ ഇത്തരത്തിലെ ഏറ്റവും വലിയ ഫാൽകോൺറി ഫെസ്റ്റിവലാണിത്. സൗദിയിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഏറ്റവും ഭംഗിയേറിയ പ്രാപ്പിടിയന്‍ പക്ഷികളെ കണ്ടെത്തുന്നതിനുള്ള വിവിധ മത്സരങ്ങളും ഈ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗദിയുടെ പൈതൃകം സംരക്ഷിക്കുന്നതിനും, പ്രാപ്പിടിയന്‍ പക്ഷികളെ വളർത്തുന്നതും, പരിശീലിപ്പിക്കുന്നതും സംബന്ധിച്ച അറിവുകളും, പ്രോത്സാഹനവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും, കുട്ടികൾക്ക് ഇവയുമായി ബന്ധപ്പെട്ട ചരിത്രം, മൂല്യങ്ങൾ എന്നിവ പഠിക്കുന്നതിനും ഈ മേള ലക്ഷ്യമിടുന്നു.