സൗദി-ബഹ്‌റൈൻ കിംഗ് ഫഹദ് പാലം ഹജ്ജ് പെരുന്നാളിനു ശേഷം തുറക്കുമെന്ന് സൂചന

Saudi Arabia

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം യാത്രികർക്കായി ഭാഗികമായി തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചനകൾ. ഹജ്ജ് പെരുന്നാളിനു ശേഷം പാലം തുറന്ന് കൊടുക്കാവുന്ന തരത്തിലുള്ള സുരക്ഷാ മുൻകരുതലുകൾ തയ്യാറാക്കിവരുന്നതായി സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗദിയിലെ അൽ-ഖോബാറും ബഹ്‌റൈനിലെ അൽ-ജസ്‌റയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം കൊറോണ വൈറസ് സാഹചര്യത്തിൽ മാർച്ച് 7 മുതൽ അടച്ചിരിക്കുകയാണ്. വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി, സമ്പർക്കം തീർത്തും ഒഴിവാക്കുന്ന രീതിയിലുള്ള ഓട്ടോമാറ്റിക് പേയ്മെന്റ് സംവിധാനങ്ങൾ ഉള്ള ഗേറ്റുകൾ പാലത്തിന്റെ സൗദിയുടെ വശത്ത് സ്ഥാപിക്കുന്ന നടപടികൾ ഏതാനം ദിവസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയിരുന്നു. പാലം തുറന്നു കൊടുക്കുന്ന കൃത്യമായ തീയ്യതി സംബന്ധിച്ച് നിലവിൽ സ്ഥിരീകരണം ഇല്ലെങ്കിലും, ഹജ്ജ് പെരുന്നാൾ അവധികൾക്ക് ശേഷം പടിപടിയായി തുറന്നു കൊടുക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നതെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

Cover Photo: Source