ട്രാഫിക് പിഴതുകകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുക്കൊണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം വ്യാജസന്ദേശങ്ങൾ ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ അയക്കുന്നതെന്ന് മന്ത്രാലായം ചൂണ്ടിക്കാട്ടി. കൂടുതൽ പിഴകൾ ചുമത്തുന്നത് ഒഴിവാക്കുന്നതിനായി വ്യാജ സന്ദേശത്തിൽ അടങ്ങിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്തു കൊണ്ട് പിഴ അടയ്ക്കാൻ ആവശ്യപ്പെടുന്ന രീതിയിലാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിഴ അടയ്ക്കാത്തവർക്ക് കൂടുതൽ പിഴചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള തരത്തിലുള്ള സന്ദേശങ്ങൾ മന്ത്രാലയത്തിൽ നിന്ന് ഒരു കാരണവശാലും അയക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ തനിപ്പകർപ്പ് പോലുള്ള ഒരു വ്യാജ വെബ്സൈറ്റ് ഈ തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.