കുവൈറ്റ് സ്വദേശിവത്കരണം ത്വരിതമാക്കുന്നു

GCC News

കുവൈറ്റിൽ വരാനിരിക്കുന്ന സ്വദേശിവത്കരണ നടപടികളുടെ ശക്തമായ സൂചനകൾ നൽകി കൊണ്ട് കുവൈറ്റ് മുൻസിപ്പാലിറ്റി വിദേശ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള തസ്തികകളിലേക്ക് വിദേശീയരെ എടുക്കുന്നത് നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഈ തീരുമാനത്തിന്റെ ഭാഗമായി, നിലവിൽ വിദേശ ജീവനക്കാർ തൊഴിലെടുക്കുന്ന തസ്തികകളിൽ കുവൈറ്റ് പൗരന്മാരെ നിയമിക്കുന്നതിനും, കഴിയാവുന്നത്ര മേഖലകളിൽ അതിയന്ത്രവല്‍ക്കരണവും മറ്റു സാങ്കേതികവിദ്യകളും നടപ്പിലാക്കുന്നതിനുമുള്ള നടപടികൾ കുവൈറ്റ് മുൻസിപ്പാലിറ്റി സ്വീകരിച്ച് തുടങ്ങിയതായി മുൻസിപ്പൽ അഫയേഴ്‌സ് വകുപ്പ് മന്ത്രി വലീദ് അൽ ജാസ്സം വ്യക്തമാക്കി. നിലവിൽ ആയിരത്തിലധികം പ്രവാസികൾ കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ ജീവനക്കാരായുണ്ട്.

വിദേശീയരിൽ നിന്നുള്ള തൊഴിൽ അപേക്ഷകൾ സ്വീകരിക്കേണ്ടെന്നും, നിലവിൽ തൊഴിൽ സംബന്ധമായ മുഖാമുഖങ്ങൾക്ക് നൽകിയിട്ടുള്ള അനുമതികൾ റദ്ദ്‌ചെയ്യാനും, മുൻസിപ്പൽ വകുപ്പുകളിൽ ജീവനക്കാരായുള്ള പ്രവാസികളുടെ കരാർ പുതുക്കുന്നത് നിർത്തുന്നതിനും തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. വിവിധ മുൻസിപ്പൽ മേഖലകളിലെ ഭരണസംബന്ധമായ തസ്തികകളിൽ സ്വദേശീയരെ നിയമിക്കുന്ന നടപടികൾ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനങ്ങളിൽ വിട്ടുവീഴ്ചകളില്ലെന്നും നിശ്ചയദാര്‍ഢ്യത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റിലിലെ പാർലമെന്റ് അംഗങ്ങൾക്കിടയിൽ, അടുത്ത ഒരു വർഷത്തിനിടെ രാജ്യവ്യാപകമായി എല്ലാ സർക്കാർ വകുപ്പുകളിലും പൂർണ്ണമായുള്ള സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന അഭിപ്രായം ശക്തമാകുകയാണ്.