അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം, ഇതുവരെ 534 വിമാന സർവീസുകളിലായി ഏതാണ്ട് 42410 യാത്രികർ കുവൈറ്റ് വിമാനത്താവളത്തിൽ നിന്നുള്ള സേവനങ്ങൾ ഉപയോഗിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഇതിൽ 285 സർവീസുകളിലായി 28,414 യാത്രികർ കുവൈറ്റിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് എയർപോർട്ടിലൂടെയുള്ള ഗതാഗതം മികച്ച രീതിയിൽ തുടരുന്നതായി DGCA വ്യക്തമാക്കി. ഓഗസ്റ്റ് 1 മുതലാണ് കുവൈറ്റ് വിമാനത്താവളത്തിൽ നിന്നുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിച്ചത്.
രാജ്യത്തേക്ക് പ്രവേശനാനുമതിയുള്ള രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന എല്ലാ യാത്രികർക്കും യാത്രയ്ക്ക് മുൻപ്, 96 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. ഈ നിബന്ധന കുവൈറ്റ് പൗരന്മാർക്കും, വിദേശയാത്രികർക്കും ഒരുപോലെ ബാധകമാണ്.