34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാൻ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ രാജ്യത്തെ സുപ്രീം കമ്മിറ്റിയോട് ശുപാർശ ചെയ്‌തു. ഇത്തരം വിലക്കുകൾ ഒഴിവാക്കാനും, പകരം രോഗബാധ രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കുവൈറ്റിൽ നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തുന്ന രീതിയിൽ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നതിനുമുള്ള നിർദ്ദേശമാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപ്പറേഷൻസ് ഡയറക്ടർ സലേഹ് അൽ ഫദഗി സുപ്രീം കമ്മിറ്റിയ്ക്ക് മുൻപാകെ സമർപ്പിച്ചിട്ടുള്ളത്. കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ നിർദ്ദേശം സുപ്രീം കമ്മിറ്റി സ്വീകരിക്കുകയാണെങ്കിലും, ആരോഗ്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ തീരുമാനത്തിനനുസരിച്ചായിരിക്കും ഇത് നടപ്പിലാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും, പല അയൽ രാജ്യങ്ങളിലും ഇത്തരം യാത്രികർ കൂട്ടമായി എത്തുന്നത് മൂലം ഏതാനം പ്രശ്നങ്ങൾ ഉടലെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പശ്ചാത്തലത്തിലാണ് വിലക്കുകൾ ഒഴിവാക്കുന്നതിനുള്ള ശുപാർശ കുവൈറ്റ് എയർപോർട്ട് സുപ്രീം കമ്മിറ്റിയുടെ മുൻപിൽ സമർപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ സമാനമായ മറ്റൊരു ശുപാർശ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ യാത്രാ വിലക്കുകൾ ഒഴിവാക്കുന്നതിനും, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര വിമാന യാത്രികരുടെയും ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി ചുരുക്കാനുമുള്ള ആ നിർദ്ദേശം ആരോഗ്യ മന്ത്രാലയം രാജ്യത്തെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം തള്ളിക്കളയുകയായിരുന്നു.