വ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്കും, സ്ഥാപനം അടച്ച് പൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും തങ്ങളുടെ റെസിഡൻസി വിസ മാറുന്നതിന് കുവൈറ്റ് അവസരം നൽകുന്നു. ഇത്തരം പ്രവാസികൾക്ക് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് തങ്ങളുടെ റെസിഡൻസി വിസകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് അവസരം നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രഖ്യാപനം നടത്തിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കമ്പനികൾ അടച്ച് പൂട്ടപ്പെട്ടവരും, ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വഞ്ചിതരായവരുമായ നിരവധി പ്രവാസികൾക്ക് ഈ തീരുമാനം ഉപയോഗപ്രദമാകുന്നതാണ്. നിർത്തലാക്കിയ കമ്പനികൾ, ഇല്ലാത്ത വ്യാജ കമ്പനികൾ എന്നിവയുടെ പേരിലുള്ള വിസകളിൽ കുവൈറ്റിലെത്തിയിട്ടുള്ള പ്രവാസി തൊഴിലാളികൾക്ക് തങ്ങളുടെ റെസിഡൻസി മാറുന്നതിനും, ഇവരെ വഞ്ചിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുന്നതിനും ഈ തീരുമാനത്തിലൂടെ അവസരം ലഭിക്കുമെന്നാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.