ഡിസംബർ 7 മുതൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നൽകുമെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മസരേം അറിയിച്ചു. ഇത്തരത്തിൽ കുവൈറ്റിലേക്ക് മടങ്ങിയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ക്വാറന്റീൻ നടപടികൾക്കായി 270 ദിനാർ ചെലവ് വരുമെന്നും, ഇതിൽ വിമാന ടിക്കറ്റ് ഉൾപ്പെടുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാണ്ട് 10 മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലേക്ക് തിരികെയെത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി രാജ്യത്തെ വ്യോമയാന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 7 മുതൽ ഇത്തരം തൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിക്കുകയായിരുന്നു.
ക്വാറന്റീൻ നടപടികൾക്ക് ആവശ്യമായി വരുന്ന 270 ദിനാറിൽ ഈ കാലയളവിലെ ഭക്ഷണം, താമസം എന്നിവ ഉൾപ്പെടുന്നതാണെന്നാണ് ലഭിക്കുന്ന സൂചന. ആഴ്ച തോറുമുള്ള കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.