രാജ്യത്തെ ഏഴ് തൊഴിൽമേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപങ്ങളിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലെ വിവിധ മേഖലകളിൽ തൊഴിലാളികളെ കണ്ടെത്തുന്നതിന് നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. വർക്ക് പെർമിറ്റുകൾ വെച്ച് മാറുന്നതിന് അതോറിറ്റി നേരത്തെ വിലക്കേർപ്പെടുത്തിയ താഴെ പറയുന്ന മേഖലകളിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്:
- വ്യാവസായിക മേഖല.
- കാർഷിക മേഖല.
- കൃഷി.
- മത്സ്യബന്ധനം.
- കോഓപ്പറേറ്റീവ് സൊസൈറ്റികൾ.
- യൂണിയനുകൾ.
- ഫ്രീ ട്രേഡ് സോൺ മേഖല.
ഈ മേഖലകളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ മറ്റു സ്ഥാപങ്ങളിലേക്ക് മാറ്റുന്നതിന് അതോറിറ്റി 2021 ജൂലൈ മാസത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കുന്നതിന് നിലവിൽ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് ഈ വിലക്ക് ഒഴിവാക്കിയിരിക്കുന്നത്.