രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘2024/71’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ കുവൈറ്റിലെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാന പ്രകാരം, പൊതു മേഖലയിൽ പ്രവർത്തിക്കുന്ന റസിഡന്റ് ഡോക്ടർമാർ, രെജിസ്റ്റർ ചെയ്തിട്ടുള്ള അസ്സിസ്റ്റന്റ്സ് എന്നിവർ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നത് വിലക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് സ്ഥാനകയറ്റം ലഭിക്കുന്നതിന് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യാലിറ്റിസ് (KIMS) അംഗീകരിച്ചിട്ടുള്ള നിശ്ചിത മെഡിക്കൽ വിദ്യാഭ്യാസം നിർബന്ധമാണ്.
അറുപത്തഞ്ച് വയസിന് മുകളിൽ പ്രായമുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് അവരുടെ ലൈസൻസ് പുതുക്കുന്നതിന് (ഇത്തരം പുതിയ ലൈസൻസുകൾക്കും ബാധകം) മന്ത്രാലയം നിഷ്കർഷിക്കുന്ന മെഡിക്കൽ പരിശോധനകൾ നിർബന്ധമാണ്. ഇത്തരം വ്യക്തികളുടെ ക്ഷമത പരിശോധിക്കുന്നതിനാണിത്. ഈ ടെസ്റ്റ് ഓരോ രണ്ട് വർഷം കൂടുമ്പോഴും എടുക്കേണ്ടതാണ്.