രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2024 മാർച്ച് 14-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ പദ്ധതി കുവൈറ്റിലെ അനധികൃത കുടിയേറ്റക്കാർക്ക് പിഴ അടച്ച് കൊണ്ട് തങ്ങളുടെ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിനായാണ് നടപ്പിലാക്കുന്നത്. 2024 മാർച്ച് 17 മുതൽ ജൂൺ 17 വരെയുള്ള മൂന്ന് മാസത്തേക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ അവസരം നൽകുന്നത്.
ഈ പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇത്തരം നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനും, അല്ലെങ്കിൽ പിഴ തുകകൾ ഇല്ലാതെ കുവൈറ്റിൽ നിന്ന് നിയമപരമായി തങ്ങളുടെ നാടുകളിലേക്ക് തിരികെ മടങ്ങുന്നതിനും അവസരം ലഭിക്കുന്നതാണ്. ഏതാണ്ട് 120000 പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
ഈ കാലയളവിൽ ഇത്തരം നിയമങ്ങൾ ലംഘിച്ചിട്ടുള്ളവർക്ക് തങ്ങളുടെ നിലവിലുള്ള പിഴകൾ അടച്ച് കൊണ്ട് രേഖകൾ പുതുക്കാവുന്നതും, റെസിഡൻസി തിരികെ നേടാവുന്നതുമാണ്. ഇതിന് സാഹചര്യമില്ലാത്തവർക്ക് പിഴതുകകൾ ഒതുക്കാതെ തന്നെ കുവൈറ്റിൽ നിന്ന് തിരികെ മടങ്ങാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിയമപരമായുള്ള നടപടികൾ പൂർത്തിയാക്കിക്കൊണ്ട് രാജ്യത്ത് നിന്ന് മടങ്ങുന്നവർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കുന്നതിന് തടസങ്ങൾ ഉണ്ടായിരിക്കുന്നതല്ല.