കുവൈറ്റ്: COVID-19 രോഗബാധിതരായ ശേഷം ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയിട്ടുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന നിർദ്ദേശങ്ങൾ

GCC News

കുവൈറ്റിന് പുറത്ത് വെച്ച് COVID-19 രോഗബാധിതരാകുകയും, തുടർന്ന് ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള വ്യക്തികൾക്ക് വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.

കുവൈറ്റ് DGCA പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപന പ്രകാരം, COVID-19 രോഗബാധിതരായ ശേഷം ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയിട്ടുള്ളവർക്ക് വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ജനുവരി 12 മുതൽ താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

  • ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് 7 മുതൽ 28 ദിവസങ്ങൾക്കുള്ളിൽ ലഭിച്ചിട്ടുള്ള രോഗബാധ സ്ഥിരീകരിക്കുന്ന COVID-19 പോസിറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വാക്സിനെടുക്കാത്ത യാത്രികർ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് 10 മുതൽ 28 ദിവസങ്ങൾക്കുള്ളിൽ ലഭിച്ചിട്ടുള്ള രോഗബാധ സ്ഥിരീകരിക്കുന്ന COVID-19 പോസിറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.

വിദേശത്ത് വെച്ച് COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള കുവൈറ്റ് പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സഹായിക്കുന്നതിനായാണ് DGCA പ്രധാനമായും ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.