കുവൈറ്റ്: 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനം

GCC News

ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നവംബർ 27-ന് രാത്രിയാണ് കുവൈറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്‌, ലെസോതോ, എസ്വതിനി, സാംബിയ, മലാവി എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രാവിമാന സർവീസുകൾക്കാണ് താത്‌കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഈ വിലക്ക് ചരക്ക് വിമാനങ്ങളുടെ സർവീസുകൾക്ക് ബാധകമല്ല. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന കുവൈറ്റ് പൗരമാർക്ക് PCR പരിശോധന, ഏഴ് ദിവസത്തെ ക്വാറന്റീൻ എന്നീ നിബന്ധനകളോടെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾക്ക്, കുവൈറ്റിലേക്ക് യാത്രാവിലക്കുകൾ ഇല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം പ്രവേശനം അനുവദിക്കുന്നതാണ്.

ബഹ്‌റൈൻ, യു എ ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ ജി സി സി രാജ്യങ്ങളും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രവേശന വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.