കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 1-നു വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാത്രമല്ല ഈ വിലക്ക് ഏർപ്പെടുത്തുന്നതെന്നും, കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയ്യതിക്ക് മുൻപുള്ള 14 ദിവസങ്ങളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണെന്നും DGCA അറിയിച്ചിട്ടുണ്ട്.
കുവൈറ്റിലെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശത്തെ തുടർന്നാണ് രോഗവ്യാപന സാധ്യത കൂടുതൽ നിലനിൽക്കുന്ന ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്താനുള്ള ഈ തീരുമാനം. ഇന്ത്യ ഉൾപ്പടെയുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ജൂലൈ 30-നു സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് ഇപ്പോൾ DGCA ഈ തീരുമാനത്തിൽ കൂടുതൽ വ്യക്തത നൽകിയിട്ടുള്ളത്.
DGCA അറിയിപ്പ് പ്രകാരം കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
- ഇന്ത്യ
- ഇറാൻ
- ചൈന
- ബ്രസീൽ
- കൊളംബിയ
- അർമേനിയ
- ബംഗ്ലാദേശ്
- ഫിലിപ്പൈൻസ്
- സിറിയ
- സ്പെയിൻ
- സിങ്കപ്പൂർ
- ബോസ്നിയ ഹെർസഗോവിന
- ശ്രീലങ്ക
- നേപ്പാൾ
- ഇറാഖ്
- മെക്സിക്കോ
- ഇന്തോനേഷ്യ
- ചിലി
- പാക്കിസ്ഥാൻ
- ഈജിപ്ത്
- ലെബനൻ
- ഹോങ്കോങ് ഇറ്റലി
- നോർത്തേൺ മാസിഡോണിയ
- മൊൾഡോവ
- പനാമ
- പെറു
- സെർബിയ
- മോണ്ടിനെഗ്രോ
- ഡൊമിനിക്കൻ റിപ്പബ്ലിക്ക്
- കൊസോവോ
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനങ്ങൾ വിലക്കിയിട്ടുണ്ടെന്ന് DGCA അറിയിപ്പിൽ പറയുന്നു.
അതേസമയം, ഏതാനം രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് PCR പരിശോധനാ ഫലങ്ങൾ ഹാജരാക്കുന്നതിൽ ഇളവുകൾ നൽകിയിട്ടുണ്ട് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് DGCA അറിയിച്ചിട്ടുണ്ട്. കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് എല്ലാ യാത്രികർക്കും PCR സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് DGCA വ്യക്തമാക്കി.
Cover Photo Source: John Taggart