കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇസ്സാം അൽ നഹാമിന്റെ നേതൃത്വത്തിൽ 2021 ഫെബ്രുവരി 23-ന് ചേർന്ന പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക അവധി ദിനങ്ങളിൽ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനും, ആളുകൾ ഒത്ത്ചേരുന്നത് ഒഴിവാക്കുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ ഈ യോഗത്തിൽ ചർച്ച ചെയ്തു. ട്രാഫിക് വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സോയൂബി, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ മുഹമ്മദ് അൽ ശർഹാൻ മുതലായവർ ഈ യോഗത്തിൽ പങ്കെടുത്തു.
ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 28 വരെയുള്ള ഔദ്യോഗിക അവധി ദിനങ്ങളിൽ രാജ്യത്തുടനീളം നടപ്പിലാക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച തീരുമാനങ്ങൾ ഈ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയുള്ള ക്യാബിനറ്റ് തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകുമെന്ന് ജനറൽ അൽ നഹാം മുന്നറിയിപ്പ് നൽകി.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി താഴെ പറയുന്ന സുരക്ഷാ മുൻകരുതൽ നടപടികൾ കുവൈറ്റിലുടനീളം നടപ്പിലാക്കുന്നതാണ്:
- പൊതു ഇടങ്ങളിലും മറ്റും ആളുകൾ ഒത്ത്ചേരുന്നതിന് നിയന്ത്രണമേർപ്പെടുത്തി.
- എല്ലാ വാണിജ്യ പ്രവർത്തനങ്ങളും രാത്രി 8 മണി മുതൽ രാവിലെ 5 മണി വരെ അടച്ചിടേണ്ടതാണ്.
- പ്രധാന വീഥികൾ, ഉൾറോഡുകൾ മുതലായ ഇടങ്ങളിലും, പൊതു, സ്വകാര്യ ഇടങ്ങളിലും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആളുകൾ ഒത്ത് കൂടുന്നതിനും, ആഘോഷങ്ങളിലേർപ്പെടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
- പ്രധാന വീഥികൾ, ഉൾറോഡുകൾ മുതലായ ഇടങ്ങളിൽ സുരക്ഷാ വിഭാഗങ്ങളുടെ കീഴിലുള്ള പ്രത്യേക പെട്രോളിംഗ് ഉണ്ടായിരിക്കുന്നതാണ്.