ഓഗസ്റ്റ് 1 മുതൽ കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ ആരംഭിക്കുമെങ്കിലും, ഇന്ത്യ ഉൾപ്പടെയുള്ള 7 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം നൽകിയിട്ടില്ലെന്ന് ഇന്ന് (ജൂലൈ 30) പുലർച്ചെ സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (CGC) അറിയിച്ചിട്ടുണ്ട്. നിലവിൽ ഈ തീരുമാനം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ല.
രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഓഗസ്റ്റ് 1 മുതൽ വിദേശത്തേക്കും, തിരികെയും യാത്ര ചെയ്യാൻ കുവൈറ്റ് മന്ത്രിസഭാ യോഗം അനുവാദം നൽകിയതായും, എന്നാൽ ഈ തീരുമാനത്തിൽ നിന്ന് 7 രാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് CGC ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ, ഫിലിപ്പൈൻസ്, പാകിസ്ഥാൻ, ശ്രീലങ്ക, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ തീരുമാനം ബാധകമാക്കിയിട്ടില്ലെന്നാണ് CGC അറിയിപ്പിൽ പറയുന്നത്.
ഓഗസ്റ്റ് മാസം മുതൽ, കുവൈറ്റിൽ നിന്ന് ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നേരത്തെ അറിയിച്ചിരുന്നു. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ സമയക്രമങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ താമസിയാതെ പ്രഖ്യാപിക്കുമെന്നും DGCA അറിയിച്ചിരുന്നതാണ്. എന്നാൽ CGC-യുടെ ഇന്നത്തെ ഈ പുതിയ തീരുമാന പ്രകാരം, കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ പുനരാരംഭിക്കുമോ എന്നതിലും, ഇന്ത്യയിൽ നിന്നും പ്രവസികൾ തിരികെ മടങ്ങുന്നതിനു മാത്രമാണോ നിയന്ത്രണങ്ങൾ തുടരുന്നത് എന്നതിലും വ്യക്തത ലഭിക്കേണ്ടതുണ്ട്.