കുവൈറ്റ്: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു

Kuwait

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്ന ഒരു തീരുമാനത്തിന് കുവൈറ്റ് ക്യാബിനറ്റ് അംഗീകാരം നൽകി. ഈ തീരുമാനപ്രകാരം, കുവൈറ്റിൽ നിന്ന് അംഗീകൃത COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തികൾ, അവർ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ അവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായി കരുതുന്നതാണ്.

2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനപ്രകാരം, ഇവർക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ സ്റ്റാറ്റസ് ലഭിക്കുന്നതിന് മൂന്നാമതൊരു ഡോസ് കുത്തിവെപ്പ് ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ സ്വീകരിക്കേണ്ടതാണ്. 2021 ഡിസംബർ 20-ന് ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.

ആഗോളതലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് 2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും ഇതേ യോഗത്തിൽ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.

അനാവശ്യ യാത്രകൾ ഒഴിവാക്കാനും കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.