കുവൈറ്റ്: സർക്കാർ മേഖലയിൽ പ്രവാസികളെ നിയമിക്കുന്നതിനെതിരെ ശക്തമായ തീരുമാനവുമായി സിവിൽ സർവീസ് കമ്മിഷൻ

GCC News

വിവിധ തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ സമർപ്പിച്ചിരുന്ന അഭ്യർത്ഥനകൾ കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ തള്ളിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്മിഷനുമായി അടുത്ത സ്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുളളത്.

പ്രവാസികളെ നിയമിക്കുന്നതിനായി രാജ്യത്തെ സർക്കാർ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ സമർപ്പിച്ച ഇത്തരം അഭ്യർത്ഥനകൾ കമ്മിഷൻ നിരാകരിക്കുകയും, ഇത്തരം തസ്തികളിലേക്ക് കുവൈറ്റ് പൗരന്മാരെ നിയമിക്കുന്നതിനായി ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സവിശേഷമായ തൊഴിൽ വൈദഗ്ദ്യം ആവശ്യമാകുന്ന ഏതാനം തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനായാണ് വിവിധ വകുപ്പുകൾ അപേക്ഷ സമർപ്പിച്ചത്.

എന്നാൽ ഇത്തരം പദവികളിലേക്ക് അർഹരായ കുവൈറ്റ് പൗരന്മാരെ കണ്ടെത്തി നിയമിക്കുന്നതിനാണ് സിവിൽ സർവീസ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ളത്. അർഹരായ കുവൈറ്റ് പൗരന്മാരെ കണ്ടെത്തനാകാത്ത സാഹചര്യങ്ങളിൽ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ എന്നീ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കാൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് സൂചന.