കുവൈറ്റ്: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു

GCC News

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് 2021 ഡിസംബർ 8-ന് വൈകീട്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിച്ച ഒരു വ്യക്തിയിലാണ് രാജ്യത്ത് ഒമിക്രോൺ വകഭേദം ആദ്യമായി കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ യാത്രികൻ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തിയാണെന്നും, നിലവിൽ ഇദ്ദേഹം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിൽ കുവൈറ്റ് പൂർണ്ണസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ നിവാസികളോട് ബൂസ്റ്റർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.