രാജ്യത്തെ റസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ ലംഘനങ്ങൾക്ക് 2023-ൽ ഇതുവരെ 11000 പ്രവാസികളെ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2023 ജനുവരി 1 മുതൽ ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. കുവൈറ്റിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം.
ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിസ നിയമങ്ങൾ ലംഘിക്കുന്നവർ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർ, വിസ നിയമലംഘകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പിലെ സ്രോതസുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.